സര്‍വീസ് റോഡുകളില്ല; ഉളുമ്പത്തുകുന്നില്‍ യാത്രാദുരിതം
1566287
Wednesday, June 11, 2025 1:11 AM IST
നെല്ലായി: ദേശീയപാത നാലുവരിയാക്കി വികസിപ്പിച്ച് ടോള്‍ ഇനത്തില്‍ കോടികള്‍ പിരിച്ചെടുക്കാന്തുടങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സര്‍വീസ് റോഡുകള്‍ പലയിടത്തും ഇപ്പോഴും കടലാസില്‍തന്നെ. പറപ്പൂക്കര പഞ്ചായത്തിലെ ഉളുമ്പത്തുകുന്നു മുതല്‍ കൊളത്തൂര്വരെയുള്ള ഭാഗത്ത് ഇതുവരെ സര്‍വീസ് റോഡുകള്‍ നിര്‍മിച്ചിട്ടില്ല.
സര്‍വീസ് റോഡുകള്‍ ഇല്ലാത്തതിനാല്‍ കാല്‍നടക്കാരും സൈക്കിള്‍ യാത്രക്കാരും അടക്കമുള്ള പ്രദേശവാസികള്‍ക്ക് ദീര്‍ഘദൂര വാഹനങ്ങള്‍ ചീറിപ്പായുന്ന അതിവേഗപ്പാതയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഉളുമ്പത്തുകുന്ന് മുതല്‍ കൊളത്തൂര്‍ സെന്റര്‍ വരെയുള്ള ഒന്നരകിലോമീറ്റര്‍ ദൂരത്തില്‍ ദേശീയപാതയ്ക്ക് ഇരുഭാഗത്തും സര്‍വീസ് റോഡില്ല. ഉളുമ്പത്തുകുന്നില്‍ സര്‍വീസ് റോഡിനായി ഭൂമി ഏറ്റെടുത്തത് കാടുമൂടികിടക്കുകയാണ്. ഉടനെയൊന്നും നിര്‍മാണം ഉണ്ടാകില്ലെന്ന് പരോക്ഷമായ സൂചനനല്കികൊണ്ട് റോഡിനായി ഏറ്റെടുത്ത സ്ഥലത്ത് അധികൃതര്‍ ഏതാനുംവര്‍ഷംമുമ്പ് തണല്‍മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു.
കൊളത്തൂര്‍ പാടത്ത് സര്‍വീസ് റോഡുകള്‍ നിര്‍മിക്കുന്നതിനുപകരം റോഡരികില്‍ റെയില്‍ ഗാര്‍ഡുകളും മൈല്‍കുറ്റികളും കൊണ്ടുള്ള സംരക്ഷണഭിത്തി നിര്‍മിക്കുകയാണ് അധികൃതര്ചെയ്തത്.
ജനങ്ങളുടെയും ജനപ്രതിനിധികളുടെയും പരാതികള്‍ ഏറുമ്പോള്‍ ദേശീയപാത അധികൃതര്‍ ഇടക്കിടെ സ്ഥലം സന്ദര്‍ശിക്കുകയും സര്‍വീസ് റോഡിന്റെയും കാനകളുടെയും പണി ഉടനടി പൂര്‍ത്തീകരിക്കുമെന്ന് പറയുകയും ചെയ്യുന്നതല്ലാതെ പ്രശ്നപരിഹാരത്തിന് നടപടിയുണ്ടാകുന്നില്ല.
ഉളുമ്പത്തുകുന്നിലും കൊളത്തൂരിലും യൂടേണ്‍ സൗകര്യമില്ലാത്തതും സര്‍വീസ് റോഡുകളില്ലാത്തതും പ്രദേശവാസികളെ ദുരിതത്തിലാക്കിയിരിക്കയാണ്. ഉളുമ്പത്തുകുന്നില്നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള കൊളത്തൂരിലേക്ക് ഓട്ടോ വിളിച്ചുപോകുന്നവര്ക്ക് മൂന്നുകിലോമീറ്ററോളം അപ്പുറത്തുള്ള നെല്ലായി ജംഗ്ഷനിലെത്തി റോഡുമുറിച്ചുകടന്ന് തിരികെവരേണ്ട ഗതികേടാണുള്ളത്.
ഉളുമ്പത്തുകുന്നിനും കൊളത്തൂര്‍ സെന്ററിനും ഇടയിലുള്ള കൊളത്തൂര്‍ വെള്ളപ്പാലവും നെല്ലായിക്കടുത്തുള്ള തൂപ്പങ്കാവ് പാലവും വീതികൂട്ടി പുനര്‍നിര്‍മിച്ചാലേ ഈ മേഖലയില്‍ സര്‍വീസ് റോഡ് നിര്‍മാണം നടത്താനാവൂ. തൂപ്പങ്കാവ് പാലം വീതികൂട്ടുന്നതിന്റെ ഭാഗമായി ഏതാനുംവര്‍ഷംമുമ്പ് പാലത്തിന്റെ ഒരുഭാഗത്ത് തൂണുകള്‍ നിര്‍മിച്ചെങ്കിലും തുടര്പണികള് നടന്നില്ല. മേഖലയിലെ ജനങ്ങള്‍ സഞ്ചാരസൗകര്യമില്ലാതെ ദുരിതമനുഭവിക്കുന്നത് കണക്കിലെടുത്ത് ഇവിടെ സര്‍വീസ് റോഡുകള്‍ നിര്‍മിക്കാന്‍ നടപടിവേണമെന്നാണ് ആവശ്യം.