കൊരട്ടി ലത്തീന്പള്ളിയിൽ ഊട്ടുതിരുനാളിനു പതിനായിരങ്ങൾ
1566288
Wednesday, June 11, 2025 1:11 AM IST
കൊരട്ടി: അമലോത്ഭവമാതാ പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെ ഊട്ടുനേർച്ച തിരുനാൾ ഭക്തിനിർഭരമായി. രാവിലെ മുതൽ രാത്രി 11വരെ നാനാജാതിമതസ്ഥരായ ആയിരക്കണക്കിനു ഭക്തരാണ് നാടിന്റെ വിവിധയിടങ്ങളിൽനിന്നു ഒഴുകിയെത്തിയത്.
രാവിലെ 6.30 മുതൽ രാത്രി 9.30 വരെ തുടർച്ചയായി ദിവ്യബലിയും അനുബന്ധ പ്രാർഥനാശുശ്രൂഷകളും നടന്നു. തീർഥാടനകേന്ദ്രം അസിസ്റ്റന്റ് റെക്ടർ ഫാ. ലിപിൻ ജോസ് കൂളിയത്ത് നേർച്ചഭക്ഷണം ആശീർവദിച്ചു. കുട്ടികളുടെ ചോറൂട്ടിനും നിരവധിപേരാണ് എത്തിയത്. രാവിലെ 10.30ന് നടന്ന ആഘോഷമായ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത സഹായമെത്രാൻ മാർ ആന്റണി വാലുങ്കൽ മുഖ്യകാർമികനായി.
വർഷത്തിൽ ഒരിക്കൽമാത്രം ദേവാലയത്തിൽനിന്നു പുറത്തിറക്കാറുള്ള തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുനടന്ന പ്രദക്ഷിണത്തിലും വിശ്വാസികളുടെ വൻപങ്കാളിത്തമുണ്ടായി. ഒന്നരലക്ഷംപേർക്ക് ഒരുക്കിയ നേർച്ചസദ്യ വിതരണം രാത്രി 11 വരെ നീണ്ടു.