പുതിയ സംരംഭങ്ങൾക്ക് 500 കോടിയുടെ നിക്ഷേപഫണ്ട്
Thursday, July 24, 2025 2:08 AM IST
കൊച്ചി: കേരളത്തിൽ പുതിയ സംരംഭങ്ങളിൽ നിക്ഷേപത്തിന് 500 കോടി രൂപയുടെ ഫണ്ടുമായി പ്രവാസി മലയാളി.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്യൂമെർക് കോർപറേഷന്റെ എക്സിക്യൂട്ടീവ് ചെയർമാനും സിഇഒയുമായ സിദ്ധാർഥ് ബാലചന്ദ്രനാണു കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
ഓൾട്ടർനേറ്റ് ഇൻവെസ്റ്റ്മെന്റ് ഫണ്ടായി (എഐഎഫ്) രജിസ്റ്റർ ചെയ്യുന്ന ഫണ്ടിൽ പ്രവാസി നിക്ഷേപകരും സ്ഥാപനങ്ങളും പങ്കുചേരും.
എറണാകുളം സ്വദേശിയായ സിദ്ധാർഥ് ബാലചന്ദ്രന് ബിഎസ്ഇ (ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്) യിൽ 3.01 ശതമാനവും എൻഎസ്ഇ (നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്) യിൽ 0.38 ശതമാനവും ഓഹരിയുണ്ട്.
നാലോ അഞ്ചോ വർഷങ്ങൾക്കപ്പുറം ദീർഘകാല വളർച്ച ലക്ഷ്യമിട്ടാണു നിക്ഷേപം നടത്തുന്നതെന്ന് സിദ്ധാർഥ് ബാലചന്ദ്രൻ പറഞ്ഞു.
2023ലെ പ്രവാസി ഭാരതീയ സമ്മാന് അർഹനായ സിദ്ധാർഥിന് ജീവകാരുണ്യ പ്രവർത്തനത്തിനുള്ള മുഹമ്മദ് ബിൻ റാഷിദ് മെഡലും ലഭിച്ചിട്ടുണ്ട്.