അഗതിമന്ദിരത്തിൽ മരിച്ച പിതാവിനായി വീട് തുറന്നുകൊടുക്കാതെ മകൻ
Thursday, July 24, 2025 2:08 AM IST
അരിമ്പൂർ (തൃശൂർ): അഗതിമന്ദിരത്തിൽ പിതാവ് മരിച്ചിട്ടും മകന്റെ മനസ് മാറിയില്ല. പിതാവ് മരിച്ചതറിഞ്ഞ ഏക മകനും മരുമകളും വീടുപൂട്ടി സ്ഥലംവിട്ടു. ഇതോടെ പിതാവിന്റെ മൃതദേഹം വീടിനുള്ളിലേക്കു കയറ്റാൻപോലുമാകാതെ ബന്ധുക്കൾ വലഞ്ഞു.
അരിമ്പൂർ കൈപ്പിള്ളി റിംഗ് റോഡിൽ പ്ലാക്കൻ തോമസ് (78) ആണ് ഇന്നലെ രാവിലെ മണലൂരിലെ അഗതിമന്ദിരത്തിൽ മരിച്ചത്. വിവരം അധികൃതർ മകനെ അറിയിക്കുകയും ചെയ്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വീട്ടിലെത്തിച്ചപ്പോഴാണ് മകൻ വീടുപൂട്ടി സ്ഥലംവിട്ട വിവരം അറിയുന്നത്. ഒടുവിൽ വീട്ടുമുറ്റത്തുതന്നെ മൃതദേഹം കിടത്തി മരണാനന്തര തിരുക്കർമങ്ങൾ നടത്തി.
മൃതദേഹം വീടിനു പുറത്തുവച്ച് മകനുവേണ്ടി ഏറെനേരം കാത്തിരുന്നെങ്കിലും കാര്യമുണ്ടായില്ല. ബന്ധുക്കൾ മകനെ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. വൈകുന്നേരം എറവ് സെന്റ് തെരേസാസ് കപ്പൽപള്ളിയിൽ സംസ്കാരം നടത്തി.
തോമസിന് ഒരു മകനും ഒരു മകളുമാണുള്ളത്. മകൾ സംസ്കാരചടങ്ങുകളിൽ പങ്കെടുത്തു. ഏതാനും മാസം മുന്പ് മകനും മരുമകളും മർദിക്കുന്നതായി ആരോപിച്ച് തോമസ് ഭാര്യ റോസിലിയോടൊപ്പം വീടുവിട്ടിറങ്ങിയിരുന്നു. ഇതുസംബന്ധിച്ച് ഇവർ അന്തിക്കാട് പോലീസിൽ പരാതി നൽകുകയും ചെയ്തു.
നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥരെത്തി തോമസിനെയും ഭാര്യയെയും മണലൂരിലെ അഗതിമന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. മാസങ്ങളായി തോമസും റോസിലിയും അഗതിമന്ദിരത്തിലാണ്.