നൂറ്റാണ്ടുകൾ പഴക്കമുള്ള കടമാൻകുളം പാലത്തിന്റെ നവീകരണം ആരംഭിച്ചു
1578536
Thursday, July 24, 2025 10:01 PM IST
മുണ്ടക്കയം ഈസ്റ്റ്: തോട്ടംമേഖലയിലെ ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമായി കടമാൻകുളം പാലത്തിന്റെ നവീകരണം ആരംഭിച്ചു. പെരുവന്താനം പഞ്ചായത്ത് പരിധിയിൽ ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കടമാൻകുളം പാലം ഏറെക്കാലമായി തകർന്ന അവസ്ഥയിലായിരുന്നു. ഇരുമ്പുകേഡറിൽ നിർമിച്ചിട്ടുള്ള പാലത്തിൽ പാകിയിരുന്ന തടികളെല്ലാം കാലപ്പഴക്കത്താൽ ദ്രവിച്ചു പോയി. തുടർന്ന് പാലത്തിലൂടെ ഭാരമേറിയ വാഹനങ്ങൾക്ക് യാത്ര നിരോധനവും ഏർപ്പെടുത്തിരുന്നു. ഇതോടെ സ്കൂൾ വാഹനങ്ങളുൾപ്പെടെ ഇതുവഴി കടന്നുപോകാതെയായി.
സഞ്ചാരസ്വാതന്ത്ര്യം തടസപ്പെട്ടതോടെ ദിവസേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാലം നവീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ കോണുകളിൽനിന്നു പ്രതിഷേധവും ശക്തമായി. ഇതോടെയാണ് മാനേജ്മെന്റ് പാലത്തിന്റെ നവീകരണപ്രവർത്തനങ്ങൾ നടത്താൻ ആരംഭിച്ചത്. പാലത്തിന്റെ ഇരുമ്പുകേഡറുകളിൽ മുകളിൽ പാകിയിരുന്ന ദ്രവിച്ച തടികൾ നിക്കം ചെയ്ത് പുതിയ ആഞ്ഞിലിത്തടികൾ നിരത്തി പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പാലം പണി പൂർത്തിയാകുന്നതോടെ ഇതുവഴി വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയും.
അതേസമയം പാലത്തിന്റെ കൈവരികളും ദ്രവിച്ച അവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി കാൽനടയാത്രകാരാണ് പാലത്തിലൂടെ ഓരോ ദിവസവും കടന്നുപോകുന്നത്. പാലത്തിന്റെ കൈവരികൾകൂടി ബലവത്താക്കിയാൽ പാലത്തിലൂടെയുള്ള യാത്ര കൂടുതൽ സുരക്ഷിതത്വമാകും.