ഓട്ടോറിക്ഷയ്ക്കു മുകളിൽ മൺതിട്ട ഇടിഞ്ഞുവീണു
1578762
Friday, July 25, 2025 7:13 AM IST
വാഴൂർ: ചാമംപതാലിൽ സ്വകാര്യ വ്യക്തിയുടെ വക സ്ഥലത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ മൺതിട്ട ഇടിഞ്ഞുവീണു. കനത്ത മഴയിൽ ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. ചാമംപതാൽ പോസ്റ്റ് ഓഫീസിനു സമീപം സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് കണ്ടക്ടറായ കുരുവിക്കൂട് സ്വദേശി തോക്കനാട് സനോജിന്റെ ഓട്ടോയ്ക്കു മുകളിലേക്കാണ് മൺതിട്ട ഇടിഞ്ഞുവീണത്.
സനോജ് ജോലി ചെയ്യുന്ന ബസ് ഇവിടെയാണ് രാത്രി കാലങ്ങളിൽ പാർക്ക് ചെയ്യുന്നത്. ഓട്ടോറിക്ഷ പാർക്ക് ചെയ്ത ശേഷം സനോജ് ബസിൽ പോയ സമയത്താണ് അപകടം. ഈ സമയം ഇവിടെ വാഹനങ്ങളോ ആൾക്കാരോ ഇല്ലാത്തതിനാൽ അപകടം ഒഴിവായി.
മഴയിൽ കുതിർന്നുനിൽക്കുന്ന കൂറ്റൻ മൺതിട്ട ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. അപകടത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായും തകർന്നു. 25 അടിയിലേറെ ഉയരമുള്ള മൺതിട്ടയുടെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്. മണ്ണു മാന്തിയന്ത്രം ഉപയോഗിച്ച് മണ്ണു നീക്കം ചെയ്താണ് ഓട്ടോറിക്ഷ സ്ഥലത്തുനിന്നു മാറ്റിയത്.