ദൈവദാസന് മാർ മാത്യു മാക്കീലിന്റെ ധന്യന്‍ പദവി പ്രഖ്യാപനം നാളെ
1578769
Friday, July 25, 2025 7:26 AM IST
കോട്ടയം: ദൈവദാസന് മാർ മാത്യു മാക്കീലിന്റെ ധന്യന്‍ പദവി പ്രഖ്യാപനവും മാര്‍ തോമസ് തറയിലിന്റെ 50-ാം ചരമവാര്‍ഷിക ആചരണത്തിന്റെ സമാപനവും നാളെ നടക്കും. കോട്ടയം ക്രിസ്തുരാജ ക്നാനായ കത്തോലിക്കാ കത്തീഡ്രലില്‍ രാവിലെ 9.30ന് തിരുക്കർമങ്ങൾ ആരംഭിക്കും.
സീറോമലബാർ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു സന്ദേശം നല്‍കും. ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് സ്വാഗതം ആശംസിക്കും. ദൈവദാസന് മാര്‍ മാത്യു മാക്കീലിനെ ധന്യനായി പ്രഖ്യാപിച്ചുള്ള ഡിക്രി അതിരൂപത ചാന്‍സലര്‍ ഫാ. തോമസ് ആദോപ്പിള്ളില്‍ വായിക്കും. മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിക്കും.
അതിരൂപത സഹായ മെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, അതിരൂപതയിലെ വൈദികര്‍ എന്നിവര്‍ സഹകാര്‍മികരാകും. ശുശ്രൂഷകളില്‍ അതിരൂപതയിലെ വൈദിക, സന്യസ്ത, അല്മായ പ്രതിനിധികള്‍ പങ്കെടുക്കും.
തുടര്‍ന്ന് ബിസിഎം കോളജ് ഓഡിറ്റോറിയത്തില്‍ നടത്തുന്ന അനുസ്മരണ പ്രാര്‍ഥനകള്‍ക്കുശേഷം ധന്യന്‍ മാക്കീൽ, മാര്‍ തോമസ് തറയിൽ എന്നിവരെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. പ്രൊക്യുറേറ്റര്‍ ഫാ. ഏബ്രാഹം പറമ്പേട്ട്, ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, വിസിറ്റേഷന്‍ കോണ്ഗ്രിഗേഷന് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഇമ്മാക്കുലേറ്റ് എസ്വിഎം,
കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ് ജനറല്‍ സിസ്റ്റര്‍ ലിസി മുടക്കോടില്‍, അതിരൂപത പ്രൊ-പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. തോമസ് ആനിമൂട്ടില്‍ എന്നിവര്‍ പ്രസംഗിക്കും. മാര്‍ മാത്യു മാക്കീല്‍ 2009 ജനുവരി 26നാണ് ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ടത്. ഈ വർഷം മേയ് 22ന് ലെയോ പതിനാലാമൻ മാർപാപ്പ ധന്യൻ പദവിയിലേക്ക് ഉയർത്തി.