ചെങ്ങളം കുന്നുംപുറത്ത് തിട്ടയിടിഞ്ഞ് രണ്ടു വീടുകൾക്കു വിള്ളൽ
1578761
Friday, July 25, 2025 7:13 AM IST
തിരുവാർപ്പ്: ശക്തമായ മഴയെത്തുടർന്ന് രണ്ട് വീടുകളുടെ പിന്നിലെ തിട്ട ഇടിഞ്ഞ് 40 അടി താഴ്ചയിൽ പതിച്ചു. കഴിഞ്ഞ രാത്രി 7.30 നായിരുന്നു വലിയ ശബ്ദത്തോടെ വീടിന്റെ പിൻഭാഗം നിലം പൊത്തിയത്. തിരുവാർപ്പ് മൂന്നാം വാർഡിൽ ചെങ്ങളം കുന്നുംപുറത്ത് ഇടക്കരി ഭാഗത്ത് പഴയ മെറീനാ തിയറ്ററിനു സമീപത്താണ് സംഭവം.
വീടുകൾ രണ്ടും വാസയോഗ്യമല്ലാതെ തകർച്ചയുടെ വക്കിലാണ്. മജു കുന്നുംപുറത്ത്, രാജാമണി അഖിൽ ഭവൻ എന്നിവരുടെ വീടുകളാണ് വിള്ളൽ വീണ് ഏതു നിമിഷവും നിലം പൊത്താമെന്ന നിലയിലായത്. രാജാമണിയുടെ വീടിനോട് ചേർന്നുള്ള മോനിയുടെ വീട് ഉൾപ്പെടെ ഏഴു വീടുകളും തകർച്ചാഭീഷണിയിലാണ്.
2011ലും 2022ലും ഇവിടെയുള്ള വീടുകൾ മണ്ണിടിഞ്ഞ് ഭാഗികമായി തകർന്നിരുന്നു. ഇവിടെ വീടുകൾ പണിയുമ്പോൾ പിന്നിൽ ആവശ്യത്തിന് സ്ഥലം ഉണ്ടായിരുന്നു. ഓരോ മഴയ്ക്കും വെള്ളത്തോടൊപ്പം മണ്ണ് ഒഴുകിപ്പോകുന്നതാണ് വീടുകൾ ഭീഷണിയിലാകാൻ കാരണം.
രണ്ടു വീടുകളും വാസയോഗ്യമല്ലാതായതോടെ കുടുംബങ്ങളെ ചെങ്ങളം സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ പാരീഷ് ഹാളിലേക്ക് മാറ്റി പാർപ്പിച്ചതായി വാർഡ് മെംബർ റെയ്ച്ചൽ ജേക്കബ് പറഞ്ഞു.
ഏഴു വീടുകളും സുരക്ഷിതമാക്കി പുനർ നിർമിക്കേണ്ടത് അനിവാര്യമാകയാൽ മന്ത്രി വി.എൻ. വാസവനുമായി ചർച്ച ചെയ്തു നടപടി സ്വീകരിക്കാമെന്ന് സ്ഥലം സന്ദർശിച്ച ഡെപ്യൂട്ടി തഹസീൽദാറും തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അനീഷ് കുമാറും നാലാം വാർഡ് മെംബർ രശ്മി പ്രസാദും അറിയിച്ചു.