ഇളംകാട് പാലം താത്കാലികമായി തുറന്നു; പ്രളയബാധിത മേഖലയ്ക്ക് ആശ്വാസം
1578815
Friday, July 25, 2025 11:40 PM IST
കൂട്ടിക്കൽ: പ്രളയ ദുരിതമേഖലയ്ക്ക് ആശ്വാസമായി കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട് പാലം താത്കാലികമായി തുറന്നു. കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം, പഞ്ചായത്തുകളെ കൊടും ദുരിതത്തിലാക്കി 2021 ലാണ് മഹാപ്രളയമുണ്ടായത്. മേഖലയിലെ ചെറുതും വലുതുമായ നിരവധി പാലങ്ങളും റോഡുകളും പ്രളയത്തിൽ തകർന്നു. റോഡുകളുടെ നവീകരണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി. ഇതോടൊപ്പം ചെറിയ പാലങ്ങളും വീണ്ടെടുത്തു.
എന്നാൽ, കോട്ടയം -ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാർ ഈസ്റ്റ് പാലത്തിന്റെയും ഇളംകാട് ടൗൺ പാലത്തിന്റെയും കൊക്കയാർ പാലത്തിന്റെയും നിർമാണം വൈകി. ഇതോടെ കൊക്കയാർ പഞ്ചായത്തിൽപ്പെട്ട കനകപുരം, വെംബ്ലി കുറ്റിപ്ലാങ്ങാട് അടക്കമുള്ള മേഖലയിലേക്കും കൂട്ടിക്കൽ പഞ്ചായത്തിന്റെ ഇളംകാട് ടോപ്പ്, വല്യേന്ത, മ്ലാക്കര അടക്കമുള്ള മേഖലയിലേക്കുമുള്ള ഗതാഗതം പൂർണമായും നിലച്ചു. കിലോമീറ്ററുകൾ അധികം സഞ്ചരിച്ച് സ്വകാര്യ വാഹനങ്ങളിലോ ടാക്സി വാഹനങ്ങളിലോ മാത്രമാണ് ഇവിടുത്തുകാർക്ക് യാത്രചെയ്യാൻ കഴിഞ്ഞിരുന്നത്.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഈസ്റ്റ് പാലം നിർമാണം പൂർത്തിയാക്കി കഴിഞ്ഞമാസം അവസാനം താത്കാലികമായി തുറന്നുകൊടുത്തിരുന്നു. 4.7 കോടി രൂപ മുടക്കിയാണ് ഇവിടെ പുതിയ പാലം നിർമിച്ചത്. ഇപ്പോൾ ഇളംകാട് ടൗൺപാലം കൂടി താത്കാലികമായി തുറന്നതോടെ മേഖലയിലെ യാത്രത്തിന് പരിഹാരമായിരിക്കുകയാണ്.
2.5 കോടി രൂപ മുടക്കിയാണ് ഇളംകാട് പാലം പുനർ നിർമിച്ചത്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പാലം താത്കാലികമായി തുറന്നുകൊടുത്തു. കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതികൾ വിവിധ സാമൂഹിക സാംസ്കാരികരംഗത്തെ പ്രമുഖർ തുടങ്ങിയവർ പ്രസംഗിച്ചു.
ഇളംകാട് ടോപ്പ്, വല്യേന്ത, മ്ലാക്കര തുടങ്ങിയ മേഖലയിലേക്കുള്ള പൊതുഗതാഗത നിലച്ചിട്ട് നാലുവർഷത്തോടടുക്കുമ്പോൾ താത്കാലികമായി റോഡ് തുറന്നുനൽകിയത് പ്രദേശവാസികൾക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.
ബസ് സർവീസ് പുനരാരംഭിക്കുന്നതോടെ പ്രദേശവാസികൾക്ക് നാളുകളായി ഉണ്ടായിക്കൊണ്ടിരുന്ന അധിക യാത്രാച്ചെലവും ഇല്ലാതാകും. അപ്രോച്ച് റോഡുകളുടെ നിർമാണം പൂർത്തിയാക്കി രണ്ടു പാലങ്ങളുടെയും ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടക്കും. കൊക്കയാർ പാലത്തിന്റെ നിർമാണവും പുരോഗിക്കുകയാണ്.