ചങ്ങനാശേരിയിൽ മൂന്ന് കുടിവെള്ള പദ്ധതികൾ ആരംഭിച്ചു
1579010
Saturday, July 26, 2025 7:24 AM IST
ചങ്ങനാശേരി: ചങ്ങനാശേരി നഗരത്തിലെ മൂന്നു വാർഡുകളിലെ 245 കുടുംബങ്ങൾക്കായുള്ള മൂന്ന് കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്പോസിറ്റ് ചെയ്ത 25 ലക്ഷം രൂപയും ഭൂജലവകുപ്പിന്റെ പ്ലാൻ ഫണ്ടിൽനിന്നും 44 ലക്ഷം രൂപയും ചെലവഴിച്ചാണ് മൂന്നു കുടിവെള്ള പദ്ധതികൾ പൂർത്തിയാക്കിയത്.
നഗരസഭ 25-ാം വാർഡിലെ വേട്ടടി- മുതവാച്ചിറ കോളനി, 31-ാം വാർഡിലെ കാക്കാംന്തോട്, 35-ാം വാർഡിലെ മഞ്ചാടിക്കര തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിച്ച് പരാമാവധി ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കുഴൽക്കിണറുകൾ സ്ഥാപിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഈ വാർഡുകളിലെ വെള്ളം എത്താത്ത കുടുംബങ്ങളിൽ അഡീഷണലായി ഈ സ്കീമിൽനിന്നു വെള്ളമെത്തിക്കാൻ മന്ത്രി യോഗത്തിൽ വച്ച് ഭൂജല വകുപ്പ് സൂപ്രണ്ടിംഗ് എൻജിനിയർക്ക് നിർദേശം നൽകി.
ജോബ് മൈക്കിൾ എംഎൽഎ അധ്യക്ഷത വഹിച്ചു. യോഗത്തിൽ മുനിസിപ്പൽ വൈസ് ചെയർമാൻ മാത്യൂസ് ജോർജ്, കൗൺസിലർമാരായ ബീനാ ജോബി, കുഞ്ഞുമോൾ സാബു, ഗീതാ അജി, ബാബു തോമസ്, മുൻ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ, ഭൂജല വകുപ്പ് സൂപ്രണ്ടിംഗ് എൻജിനിയർ വിമൽരാജ്, ഭൂജല വകുപ്പ് ജില്ലാ ഓഫീസർ ഉദയകുമാർ ആർ., ഭൂജല വകുപ്പ് ഡയറക്ടർ എസ്. റിനി റാണി എന്നിവർ പ്രസംഗിച്ചു.