ചുഴലിക്കാറ്റില്‍ വ്യാപകനാശം
1579002
Saturday, July 26, 2025 7:18 AM IST
കടുത്തുരുത്തി: മഴയ്ക്കൊപ്പമെത്തിയ ചുഴലികാറ്റില്‍ മാഞ്ഞൂര്‍ പഞ്ചായത്തില്‍ വ്യാപകനാശം. മാഞ്ഞൂര്‍, മേമ്മുറി, കോതനല്ലൂര്‍, ചാമക്കാല, കുറുപ്പന്തറ, മാന്‍വെട്ടം, ഓമല്ലൂര്‍, മുട്ടുചിറ മേഖലകളിലാണ് കാറ്റ് നാശം വിതച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് മഴയ്ക്കൊപ്പം അഞ്ചു മിനിറ്റോളം നീണ്ടുനിന്ന കാറ്റ് വീശിയടിച്ചത്. മരങ്ങള്‍ കടപുഴകി 25ലധികം വീടുകള്‍ തകർന്നു. മാഞ്ഞൂര്‍ പാറപ്പുറത്ത് തങ്കച്ചന്റെ വീടിന്റെ ഷീറ്റിട്ട മേല്‍ക്കൂര കാറ്റില്‍ പറന്ന് അയ്യന്‍കോവില്‍-മൂലേപ്പടവില്‍ റോഡില്‍ പതിച്ചു. വൈദ്യുതിലൈനുകള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതത്തൂണുകള്‍ ഒടിയുകയും കമ്പികള്‍ പൊട്ടുകയും ചെയ്തു.
റോഡിലേക്കു വീണ മരം വെട്ടിമാറ്റുന്നതിനിടെ തടിക്കഷണം കാലില്‍ വീണ് തൊഴിലാളിയായ മാഞ്ഞൂര്‍ സ്വദേശി കൊല്ലമലയില്‍ സോയി (47)യുടെ ഇടതുകാല് ഒടിഞ്ഞു. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി യില്‍ പ്രവേശിപ്പിച്ചു. കുറുപ്പന്തറ ആശുപത്രികവല-മാഞ്ഞൂര്‍ റോഡ്, കുറുപ്പന്തറ-മാന്‍വെട്ടം എന്നീ റോഡുകളില്‍ ഗതാഗതവും തടസപ്പെട്ടു.
ഞീഴൂരിലും കടുത്തുരുത്തിയിലും ആയാംകുടിയിലും ആപ്പാഞ്ചിറയിലും കാറ്റ് നാശംവിതച്ചു. വീടുകള്‍ക്ക് മുകളിലേക്ക് മരംവീണ് നാശനഷ്ടമുണ്ടായി. ആപ്പാഞ്ചിറ റെയില്‍വേ സ്റ്റേഷന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് മുകളിലേക്ക് വന്മരം കടപുഴകിവീണ് ഇരുചക്രവാഹനങ്ങള്‍ക്ക് തകർന്നു. ആറ് ബൈക്കുകള്‍ പൂര്‍ണമായും നാല് ഇരുചക്രവാഹനങ്ങള്‍ ഭാഗികമായും തകര്‍ന്നു.
ചുഴലിക്കാറ്റില്‍ വ്യാപക കൃഷിനാശവുമുണ്ടായി. ഏത്തവാഴ, പച്ചക്കറി കൃഷികള്‍, ജാതി, അടയ്ക്കാമരം, റബര്‍ എന്നിവയും കാറ്റില്‍ നിലംപൊത്തി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പിള്ളിയുടെ 800 വാഴകളാണ് കാറ്റില്‍ ഒടിഞ്ഞുവീണത്.
കാഞ്ഞിരത്താനത്ത് പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന 2000 വാഴകളില്‍ കുലച്ച 300 ഏത്തവാഴകള്‍ നിലം പൊത്തി. ഓണവിപണി ലക്ഷ്യമിട്ട് കൃഷിചെയ്ത വിളകള്കളാണ് വ്യാപക മായി നശിച്ചത്.
തലയോലപ്പറമ്പിൽ കനത്ത നാശം
തലയോലപ്പറമ്പ്: ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ വീശിയടിച്ച കനത്ത കാറ്റിൽ തലയോലപ്പറമ്പ്, ചെമ്പ്,മറവുന്തുരുത്ത്, വെള്ളൂർ ഭാഗങ്ങളിൽ കനത്ത നാശനഷ്ടം. ഏതാനും മിനിറ്റുകൾ മാത്രം നീണ്ടു നിന്ന കാറ്റിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണ് വൻ നാശമാണ് ഉണ്ടായത്. നിരവധി വീടുകളുടെയും വൈദ്യുതി ലൈനുകളുടെയും മുകളിൽ മരങ്ങൾ കടപുഴകി വീണു.
വടയാർ പന്ത്രണ്ടിൽ സന്തോഷിന്റെ വീടിന് മുകളിലെ ഷീറ്റുകൾ കാറ്റിൽ പറന്നുപോയി. കണിയാംപടിക്കൽ ഭാഗത്തുനിന്നിരുന്ന വലിയ മരം വൈദ്യുതി ലൈനിലേക്ക് മറിഞ്ഞുവീണ് വൈദ്യുതിവിതരണം വിച്ഛേദിക്കപ്പെട്ടു. മുരുക്കുംതറയിൽ ഭാഗത്ത് വലിയ തണൽമരം പുഴയിലേക്ക് മറിഞ്ഞുവീണു.
ഓണംകണ്ടത്തിൽ രമ മുരളിയുടെ വീടിനു മുകളിലേക്ക് അയൽവാസിയുടെ മരം മറിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു. ചെമ്പ് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് പാണ്ടശേരിൽ ഷാജിയുടെ പുരയിടത്തിലെ ഇലഞ്ഞിമരം കടപുഴകി വീണു വീട് ഭാഗികമായും കുളിമുറി പൂർണമായും നശിച്ചു. അപകട സമയത്ത് അമ്മ ജാനകി വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
മറവൻതുരുത്ത് പഞ്ചായത്ത് രണ്ടാം വാർഡിൽ ആന്റണി പുത്തൻപുരയ്ക്കലിന്റെ വീടിനു മുകളിലേക്ക് സമീപ പറമ്പിലെ വലിയ ആഞ്ഞിലിമരം കടപുഴകി വീണു വീട് ഭാഗികമായി തകർന്നു. വെള്ളൂർ ഇറുമ്പയത്ത് വൻ തേക്കുമരം നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് മറിഞ്ഞുവീണ് കാർ പൂർണമായും തകർന്നു.
പെരുന്തട്ട് തെക്കേമലയിൽ ജിബിന്റെ വാഹനമാണ് തകർന്നത്. വെള്ളൂരിൽ പല പ്രദേശങ്ങളിലും മരങ്ങൾ വൈദ്യുതി ലൈനിലേക്ക് മറിഞ്ഞുവീണ് വൈദ്യുതിവിതരണം ഏറെക്കുറെ പൂർണമായും തകരാറിലായി . വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കെഎസ്ഇബി ജീവനക്കാർ അക്ഷീണ യത്നം നടത്തിവരികയാണ്.