വൈക്കത്ത് വ്യാപകനാശം
1579003
Saturday, July 26, 2025 7:18 AM IST
വൈക്കം: കാറ്റിലും മഴയിലും വൈക്കത്ത് മരങ്ങൾ കടപുഴകി വീണു വ്യാപക നാശനഷ്ടം. ഉദയനാപുരം ഇരുമ്പൂഴിക്കര അൻസാരി മൻസിലിൽ അൻസാരിയുടെ വീടിനു മുകളിൽ വൻമരം കടപുഴകി വീണു മേൽക്കൂര തകർന്നു. സംഭവ സമയത്ത് അൻസാരിയും ഭാര്യയും മക്കളും വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ വൻ അപകടം ഒഴിവായി.
ഉദയനാപുരം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ വല്ലകം സബ്സ്റ്റേഷന് സമീപം വൻമരം കടപുഴകി വീണതോടെ റോഡ് ഇടിഞ്ഞുതാണു. വല്ലകം സബ്സ്റ്റേഷൻ ഭാഗത്തുനിന്നു കോടാലിച്ചിറ ഭാഗത്തേക്കു പോകുന്ന റോഡിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞു താണത്. ടി.വി. പുരത്ത് കരിയാർ സ്പില്വേയ്ക്കു സമീപം മരം കടപുഴകി വൈദ്യുതി ലൈനിനു മുകളിലേക്ക് വീണു. സമീപത്ത് ആരുമില്ലാതിരുന്നതിനാൽ ആളപായമുണ്ടായില്ല.
വൈക്കം നഗരത്തിൽ കൊപ്പറമ്പ് റോഡിലും ചാലപറമ്പിൽ കൊടുംതറ റോഡിലും വൈദ്യുതി ലൈനിലേക്ക് മരം കടപുഴകി വീണതിനെ ത്തുടർന്ന് വൈദ്യുതി വിതരണം തടസപ്പെട്ടു. കരിയാർ സ്പിൽവേയ്ക്കു സമീപം വൻമരം കടപുഴകി വൈദ്യുതി ലൈന് മുകളിൽ വീണ് വൈദ്യുതിവിതരണം തകരാറിലായി. തോട്ടകത്ത് 11 കെവി ലൈനിലേക്ക് മറിഞ്ഞ തേക്ക് വെട്ടി മാറ്റിയ ശേഷമാണ് വൈദ്യുതിവി തരണം പുനഃസ്ഥാപിച്ചത്.