പത്ത് മിനിറ്റിൽ ജില്ലയെ വിറപ്പിച്ച് കൊടുങ്കാറ്റ്
1578821
Friday, July 25, 2025 11:55 PM IST
8പ്രധാന റോഡുകളില്‍ മണിക്കൂറുകളോളം
ഗതാഗതം തടസപ്പെട്ടു
8പലയിടത്തും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായില്ല
8ചിങ്ങവനത്ത് റെയില്‍ ട്രാക്കില്‍ മരം വീണു
വാകത്താനത്ത് കാറിന് മുകളിലും ചേര്‍പ്പുങ്കലില്‍
ഓട്ടോറിക്ഷയ്ക്ക് മുകളിലും മരം വീണു
പനച്ചിക്കാട് സോളാര്‍ പാനലുകള്‍ പറന്നു പോയി.
കോട്ടയം-കുമരകം റോഡില്‍ ചൂള പുത്തന്‍തോടിനു സമീപം മരം വീണ് ഗതാഗതം തടസപ്പെട്ടു
കോട്ടയം സിഎംഎസ് കോളജ് റോഡില്‍
കൂറ്റന്‍ തണല്‍മരം വീണു
കൂറ്റന്‍ പുളിമരം വീണ് ഏറ്റുമാനൂര്‍-വൈക്കം റോഡില്‍
ഗതാഗതം തടസപ്പെട്ടു
വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക്
ചെയ്തിരുന്ന ഏഴു ബൈക്കുകള്‍ക്കു മുകളിലേക്ക് മരം വീണു
കോട്ടയം: മഴയ്ക്കൊപ്പമെത്തിയ കാറ്റില്‍ ജില്ലയൊട്ടാകെ വിറച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നു മഴയ്ക്കൊപ്പമുണ്ടായ കാറ്റില്‍ വ്യാപക നാശമാണുണ്ടായത്. മരങ്ങള്‍ കടപുഴകി വീണു. വീടുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. വാഹനങ്ങളുടെ മുകളിലേക്ക് മരങ്ങള്‍വീണു പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
മരങ്ങള്‍വീണു റോഡുകളില്‍ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. കുറിച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ മരംവീണു ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടു. നിരവധിയിടങ്ങളില്‍ പോസ്റ്റുകള്‍ തകര്‍ന്ന് വൈദ്യുതിബന്ധം തകരാറിലായി. ഇപ്പോഴും പലയിടത്തും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായില്ല. സോളാര്‍ പാനലകുളടക്കം പറന്നുപോയി.
പാലായില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരംവീണെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വാകത്താനത്ത് കാറിന് മുകളിലും ചേര്‍പ്പുങ്കലില്‍ ഓട്ടോറിക്ഷയ്ക്ക് മുകളിലും മരം വീണു.
പനച്ചിക്കാട് പഞ്ചായത്ത് ഓഫീസിനു മുകളില്‍ സ്ഥാപിച്ചിരുന്ന ഏഴു സോളാര്‍ പാനലുകള്‍ പറന്നു കൃഷി ഭവൻ കെട്ടിടത്തിന്റെ മുകളില്‍ വീണു. കെട്ടിടത്തിനു സീലിംഗുണ്ടായിരുന്നതിനാല് വന്‍ ദുരന്തം ഒഴിവായി. പനച്ചിക്കാട് സായിപ്പു കവലയില്‍ മരം വീണു ഗതാഗതം തടസപ്പെട്ടു. കോട്ടയം-കുമരകം റോഡില്‍ ചൂള പുത്തന്‍തോടിനു സമീപം തണല്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.
കോട്ടയം സിഎംഎസ് കോളജ് റോഡില്‍ കൂറ്റന്‍ തണല്‍ മരം വീണു. കോട്ടയം സിഎംഎസ് കോളേജ് റോഡില്‍ കൂറ്റന്‍ തണല്‍ മരം വീണുകൂറ്റന് പുളിമരം വീണ് ഏററുമാനൂര്-വൈക്കം റോഡില്‍ ഗതാഗതം തടസപ്പെട്ടു. നെടുംകുന്നം പഞ്ചായത്തിന് സമീപവും തോട്ടയ്ക്കാട് അമ്പലക്കവലയിലും പാമ്പാടി കൂരോപ്പട ചെന്നാമറ്റം വട്ടുകുളം റോഡിലും പരുത്തുംപാറ പന്നിമറ്റം റോഡില്‍ സായിപ്പു കവലയിലും മരം വീണു. പാത്താമുട്ടത്ത് പാമ്പൂരാംപാറയില്‍ വീടിന്റെ ആസ്ബറ്റോസ് ഷീറ്റ് കാറ്റില്‍ പറന്നുപോയി. വീട്ടിലുണ്ടായിരുന്ന ഓടി രക്ഷപ്പെട്ടു. മരങ്ങള്‍ വീണു വിവിധയിടങ്ങളിലായി നിരവധി വീടുകളാണ് തകര്‍ന്നത്.
കുറവിലങ്ങാട്-കല്ലറ റോഡില്‍ മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. കുറുപ്പുന്തറ-തോട്ടുവ റോഡില്‍ സെന്റ് ജോണ്‍സ് ഹൈസ്കൂളിന് മുന്നില്‍ തേക്കുമരം ഒടിഞ്ഞ് ഇലക്ട്രിക് ലൈനിന് മുകളില്‍ വീണു. കാപ്പുന്തല, തോട്ടുവ, കുറവിലങ്ങാട്, കടുത്തുരുത്തി മേഖലകളിലും മരങ്ങള്‍ ഒടിഞ്ഞുവീണ് വൈദ്യുതി ബന്ധം നിലച്ചു.
ഓട്ടോറിക്ഷയ്ക്കു മുകളിൽ
മരം വീണു;
ഡ്രൈവര്‍ രക്ഷപ്പെട്ടു
പാലാ: ഇന്നലെയുണ്ടായ കനത്ത കാറ്റില്‍ ചേര്‍പ്പുങ്കലില്‍ ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണു. ഡ്രൈവര്‍ ഉപ്പുതറ സ്വദേശി കിരണ്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മാര്‍ സ്ലീവാ ആശുപത്രിയില്‍നിന്നു ചേര്‍പ്പുങ്കല്‍ പള്ളിയിലേക്ക് പോകുന്ന റോഡിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് അപകടമുണ്ടായത്. തേക്കുമരമാണ് ഒടിഞ്ഞുവീണത്. വാഹന ഗതാഗതം ഏറെ നേരം തടസപ്പെട്ടു.