അൽഫോൻസാ സവിധത്തിലേക്ക് കാൽനടയായി വിശ്വാസം പ്രഘോഷിച്ച് കുറവിലങ്ങാടിന്റെ യുവത
1578809
Friday, July 25, 2025 11:40 PM IST
കുറവിലങ്ങാട്: ദൈവമാതാവിന്റെ പാദസ്പർശത്താൽ അനുഗ്രഹീതമായ മണ്ണിൽനിന്ന് അൽഫോൻസാമ്മയുടെ സന്യാസജീവിതത്തിൽ സ്വർഗീയ വെളിച്ചം സമ്മാനിക്കപ്പെട്ട ഭരണങ്ങാനത്തേക്ക് കാൽനടയായി കുറവിലങ്ങാടിന്റെ യുവത. എസ്എംവൈഎം കുറവിലങ്ങാട് യൂണിറ്റ് അംഗങ്ങളാണ് 23 കിലോമീറ്റർ ദൂരം കാൽനടയായെത്തി വിശുദ്ധ അൽഫോൻസാ സവിധത്തിൽ പ്രാർഥനാമലരുകളർപ്പിച്ചത്.
എസ്എംവൈഎം യൂണിറ്റിന്റെ സുവർണജൂബിലി ആഘോഷങ്ങളിലെ ആത്മീയ കർമപരിപാടികളുടെ ഭാഗമായാണ് യുവജനങ്ങൾ പദയാത്ര നടത്തിയത്. മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന കേന്ദ്രം ആർച്ച്പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരി പദയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ഡയറക്ടർ ഫാ. ജോസഫ് ചൂരയ്ക്കൽ, യൂണിറ്റ് പ്രസിഡന്റ് സെബാസ്റ്റ്യൻ പൊയ്യാനി, സെക്രട്ടറി എബിൻ സജി തുടങ്ങിയവർ നേതൃത്വം നൽകി.