മുന്‍ വികാരി ജനറാള്‍ ഫാ. ജോര്‍ജ് ചൂരക്കാട്ട് ഓര്‍മയായി
1578579
Thursday, July 24, 2025 11:21 PM IST
പാലാ: പാലാ രൂപത മുന്‍ വികാരി ജനറാള്‍ ഫാ. ജോര്‍ജ് ചൂരക്കാട്ട് ഓര്മയായപ്പോള് നാടിനും സമൂഹത്തിനും രൂപതയ്ക്കും നഷ്ടമാവുന്നത് മനുഷ്യസ്നേഹിയായ മുതിര്‍ന്ന വൈദികനെ. രൂപത സെമിനാരി റെക്ടറായും വികാരി ജനറാളായും പാലാ കത്തീഡ്രലടക്കം വിവിധ പള്ളികളില്‍ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുള്ള ഫാ. ചൂരക്കാട്ട് എല്ലായിടത്തും മനുഷ്യസ്നേഹത്തിന്റെ അടയാളപ്പെടുത്തലുകള്‍ ചാര്‍ത്തിയാണ് നിത്യജീവിതത്തില്‍നിന്നു മടങ്ങുന്നത്.
വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വിയോഗം. ചെറുപ്പത്തിലേതന്നെ തന്റെ ചുറ്റുപാടുമുള്ള എല്ലാവരോടും ഏറെ സ്നേഹബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിലും അതു പരിപോഷിപ്പിക്കുന്നതിലും അതീവ ശ്രദ്ധാലുവായിരുന്നു. നാനാജാതി മതസ്ഥരായ കുടുംബങ്ങളുമായും വ്യക്തികളുമായും സ്നേഹബന്ധം കാത്തുസൂക്ഷിക്കുകയും രൂപതയുടെ ഉന്നത ശ്രേണിയിലുള്ള പദവികളിലെത്തിയപ്പോള്‍ പോലും നാട്ടിലുള്ളവരെ ഓര്‍ക്കുകയും ഉഷ്മളത പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
കുരുന്നിന്റെ ജീവന്
രക്ഷിച്ച ചൂരക്കാട്ടച്ചൻ
കാര്‍ ഓടിച്ചുവരവേ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട സ്കൂള്‍ വിദ്യാര്‍ഥിയായ കുരുന്നിനെകണ്ട് വാഹനം നിര്‍ത്തി ഓടിയെത്തി തോട്ടില്‍നിന്ന് കുട്ടിയെ വലിച്ചെടുത്ത് ജീവന് രക്ഷിച്ച സംഭവവും ഫാ. ജോര്‍ജ് ചൂരക്കാട്ടിന്റെ ജീവിതത്തിലെ മനുഷ്യസ്നേഹത്തിന്റെ നേര്‍സാക്ഷ്യമാണ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 1.30ന് പാദുവ സെന്റ് ആന്റണീസ് പള്ളിയില്‍.