ഫാ. ജോര്‍ജ് ചൂരക്കാട്ട്: കടുത്തുരുത്തി ഇടവകയ്ക്ക് മറക്കാന്‍ കഴിയാത്ത ഇടയശ്രേഷ്ഠൻ
1578764
Friday, July 25, 2025 7:13 AM IST
കടുത്തുരുത്തി: കടുത്തുരുത്തി ഇടവകയ്ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഇടയശ്രേഷ്ഠനാണ് ദൈവസന്നിധിയിലേക്ക് വിടവാങ്ങിയ ഫാ. ജോര്‍ജ് ചൂരക്കാട്ട്. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന താഴത്തുപള്ളിക്ക് പുതിയ ദേവാലയം നിര്‍മിച്ചതും ഇടവകയുടെ ആധ്യാത്മിക വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചതുമായ വൈദികശ്രേഷ്ഠനാണ് ഫാ. ജോർജ് ചൂരക്കാട്ട്.
2000 ഫെബ്രൂവരി 19നാണ് ഫാ. ജോര്‍ജ് ചൂരക്കാട്ട് താഴത്തുപള്ളിയുടെ വികാരിയായി എത്തുന്നത്. തുടര്‍ന്ന് നാലു വര്‍ഷക്കാലം ഇവിടെ സേവനം ചെയ്തു.ഇടവകയിലെ ഓരോ കുടുംബത്തെയും കുടുംബാംഗത്തെയും പേരു ചൊല്ലി വിളിക്കാന്‍ കഴിയുമായിരുന്നു ചൂരക്കാട്ടച്ചന്‍. നര്‍മം തുളുമ്പുന്ന സംസാരശൈലിയും ഹൃദ്യമായ പെരുമാറ്റവുമായിരുന്നു ചൂരക്കാട്ടച്ചന്റെ പ്രത്യേകത.
നാലു വർഷംകൊണ്ട് ഇടവകയുടെ ചരിത്രത്തില്‍ ചൂരക്കാട്ടച്ചന്‍ പൂര്‍ത്തിയാക്കിയത് ഒട്ടനവധി പ്രവര്‍ത്തനങ്ങളാണ്. താഴത്തുപള്ളിയുടെ പുതിയ പള്ളിയെന്ന് അറിയപ്പെടുന്ന ടൗണ്പള്ളിയുടെ നിര്‍മാണം നടത്തിയത് അദ്ദേഹമായിരുന്നു. 2001 ഓഗസ്റ്റ് 15നു പുതിയ ദേവാലയത്തിന് തറക്കല്ലിട്ടു.
വികാരി ജനറാളായി സ്ഥലം മാറി പോയെങ്കിലും ദേവാലയനിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ അച്ചന്റെ സാന്നിധ്യം കടുത്തുരുത്തിയിലുണ്ടായിരുന്നു. താഴത്തുപള്ളിയുടെ കുരിശുപള്ളിയായിരുന്ന പൂഴിക്കോല്‍ സെന്റ് ആന്റണീസ് പള്ളിയെ ഇടവകയാക്കിയതും പിന്നീട് ദേവാലയം നിര്‍മിക്കാന്‍ സ്ഥലം വാങ്ങിയതും ദേവാലയത്തിന്റെ പ്രാരംഭ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതും ഫാ. ജോര്‍ജ് ചൂരക്കാട്ടാണ്.
ഫാ. ജോര്‍ജ് ചൂരക്കാട്ടിനു വേണ്ടി ഇന്നു രാവിലെ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ഓപ്പീസും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ അറിയിച്ചു.