ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച കാര്‍ തോട്ടിൽ വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
1578527
Thursday, July 24, 2025 7:29 AM IST
കടുത്തുരുത്തി: ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിക്കുന്നതിനിടെ ദിശതെറ്റിയ ഇലട്രിക് കാര്‍ കുറുപ്പന്തറ കടവിലെ തോട്ടില്‍ വീഴാതെ അദ്ഭുതകരമായി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തോട്ടിലെ വെള്ളക്കെട്ടിലേക്കു കാറിന്റെ മുന്‍ഭാഗം വീഴാന്‍ പോകുന്നതിനിടെ പെട്ടെന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തിയതാണ് അപകടം ഒഴിവാക്കാനായത്.
പത്തനംതിട്ട സ്വദേശികളായ രണ്ടുപേരാണ് കാറിലുണ്ടായിരുന്നത്. സംഭവം കണ്ട് ഓടിക്കൂടിയ പരിസരവാസികള്‍ ചേര്‍ന്നാണ് കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്തിറങ്ങാന്‍ സഹായിച്ചത്. സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ ക്രെയിന്‍ കൊണ്ടുവന്ന് വാഹനം ഇവിടെനിന്നു സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.
ഇന്നലെ രാവിലെ 11.15ന് കനത്ത മഴയുള്ള സമയത്തായിരുന്നു സംഭവം. കുറുപ്പന്തറ ഭാഗത്തുനിന്നു ഗൂഗിള്‍ മാപ്പ് നോക്കി വരുന്നതിനിടെ വാഹനം വളവു തിരിയുന്നതിനു പകരം നേരേ കടവിലേക്കു പോകുകയായിരുന്നു. വെള്ളക്കെട്ടിലൂടെ മുന്നോട്ടു നീങ്ങുന്നതിനിടെ കാറില്‍ വെള്ളം കയറി. ഉടന്‍തന്നെ കാര്‍ യാത്രികര്‍ വാതില്‍ തുറന്ന് പുറത്തിറങ്ങുകയായിരുന്നു.
ഒന്നരയടി കൂടി മുന്നോട്ടു പോയിരുന്നെങ്കില്‍ നിറഞ്ഞൊഴുകുന്ന തോട്ടിലേക്കു വാഹനം വീണ് വന്‍ അപകടം സംഭവിക്കുമായിരുന്നു. കുറുപ്പന്തറ കടവില്‍ ദിശതെറ്റി വാഹനങ്ങള്‍ തോട്ടിലേക്കു പോകാതിരിക്കാന്‍ ഈ ഭാഗത്ത് സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഗൂഗിള്‍മാപ്പ് നോക്കി ഡ്രൈവ് ചെയ്യുന്നവര്‍ ഇതു ശ്രദ്ധിക്കാതിരിക്കുന്നതാണ് അപകടത്തിന് കാരണമാകുന്നത്.