വി.എസുമായി ചേനപ്പാടിക്കുമുണ്ടൊരു ബന്ധം
1578282
Wednesday, July 23, 2025 9:58 PM IST
കാഞ്ഞിരപ്പള്ളി: അച്ഛന്റെ ബാല്യകാലസുഹൃത്തായ വി.എസ്. അച്യുതാനന്ദനെ കാഞ്ഞിരപ്പള്ളി പാര്‍ട്ടി ഓഫീസില്‍ വച്ച് അച്ഛനോടൊപ്പം കണ്ട വൈകാരിക നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് ചേനപ്പാടി കടമ്പനാട്ടുമഠം രാജീവ് എന്‍. പ്ലാപ്പള്ളി. ചേനപ്പാടി കടമ്പനാട്ടുമഠം കെ.എസ്. നാരായണ പ്ലാപ്പള്ളിയാണ് വി.എസ്. അച്യുതാനന്ദനൊപ്പം ആലപ്പുഴ പുന്നപ്ര സ്കൂളില്‍ ഒന്നാം ക്ലാസ് മുതല്‍ നാലുവരെ പഠിച്ചത്. ഭാര്യ കെ. ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് ചേനപ്പാടി സ്കൂളിലായിരുന്നു ജോലി. ഇതോടെ ആലപ്പുഴ വിട്ടുപോരേണ്ടി വന്നു.
വി.എസിനൊപ്പമുള്ള കുട്ടിക്കാലത്തെ സൗഹൃദം കൊണ്ടാകണം അച്ഛനും കമ്യൂണിസ്റ്റുകാരനായിരുന്നെന്ന് മകന് ആരാധന ബസിന്റെ ഉടമ കൂടിയായ രാജീവ് പറയുന്നു. പുന്നപ്ര വയലാര്‍ സമരകാലത്ത് വി.എസ് ഒളിവില്‍ പോയതും പഠനത്തിന് ശേഷം തയ്യല്‍ ജോലി ചെയ്തതുമായ കഥകള്‍ അച്ഛനില്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ആലപ്പുഴയില്‍നിന്ന് പോന്നശേഷം പിന്നീട് വി.എസുമായി കൂടിക്കാഴ്ചകളുണ്ടായിട്ടില്ല.
എന്നാല്‍, വി.എസിന്റെ സഹപാഠിയായിരുന്നുവെന്ന കാര്യം പൊതുപ്രവര്‍ത്തകനായ ടി.പി. രാധാകൃഷ്ണന് നായരുമായി അച്ഛന് പങ്കുവച്ചിരുന്നു. പിന്നീട് 1996ൽ കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ നടന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ അന്ന് സിപിഎം ഏരിയാ കമ്മിറ്റിയംഗം കൂടിയായിരുന്ന ടി.പി. രാധാകൃഷ്ണന് നായര്‍ ഇക്കാര്യം ഓര്‍ത്തെടുത്ത് ഇവര്‍ തമ്മിലുള്ള കൂട്ടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി പാര്‍ട്ടി ഓഫീസില്‍വച്ചു പഴയ ചങ്ങാതി നാരായണനെ കണ്ടെപ്പോള്‍ വി.എസ് ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. ഇതോടെ നാട്ടുകാര്‍ക്കിടയിലും വി.എസിന്റെ സഹപാഠി എന്ന നിലയിലുള്ള ആദരവും നാരയാണ പ്ലാപ്പള്ളിക്ക് ലഭിച്ചിരുന്നു. 2012ല്‍ 92-ാമത്തെ വയസില്‍ അദ്ദേഹം അന്തരിച്ചു.