ഓര്‍മകളുടെ തീരാവേദനയിൽ ഏഴാണ്ട്
1578276
Wednesday, July 23, 2025 7:23 AM IST
കടുത്തുരുത്തി: തോരാമഴയെത്തുടര്ന്നുണ്ടായ വെള്ളപ്പൊക്കം തീര്‍ത്ത നാടിന്റെ സങ്കടങ്ങളും ദുരിതങ്ങളുടെ നേര്‍ക്കാഴ്ചകളും പുറംലോകത്തെത്തിക്കുന്നതിനിടെ മുണ്ടാറിലെ എഴുമാംകായലില്‍ വള്ളം മറിഞ്ഞ് മുങ്ങിമരിച്ച സജിയുടെയും ബിബിന്റെയും മരിക്കാത്ത ഓര്‍മകള്‍ക്കു മുന്നില്‍ മുണ്ടാറും സമീപ നാടുകളും.
മുണ്ടാറിലെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങിലെ ദുരിതത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവകര്ത്തകർ യാത്ര ചെയ്ത വള്ളം മറിഞ്ഞു രണ്ടുപേര്‍ മരിച്ചിട്ട് ഇന്ന് ഏഴുവര്‍ഷം. കടുത്തുരുത്തി പൂഴിക്കോല്‍ പട്ടശേരില്‍ സജി (46), ചാനല്സംഘവുമായി എത്തിയ കാറിന്റെ ഡ്രൈവര്‍ തിരുവല്ല ഓതറ കോഴിമല ഉഴത്തില്‍ കൊച്ചിരാമുറിയില് ബിബിന്‍ (27) എന്നിവരാണ് തോണി മറിഞ്ഞ് മരിച്ചത്.
കല്ലറ പഞ്ചായത്തിലെ മുണ്ടാറില്‍ വെള്ളപ്പൊക്കത്തെത്തുടര്‍ന്നുണ്ടായ ദുരിതം റിപ്പോര്‍ട്ട് ചെയ്തശേഷം തിരികെ എഴുമാംകായലിലൂടെ വരുമ്പോഴാണ് 2018 ജൂലൈ 23-ന് ഉച്ചയ്ക്ക് ഒന്നോടെ വള്ളം മറിഞ്ഞത്. തുഴച്ചില്കാരന് ഉള്‍പ്പെടെ അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. തൃശൂര്‍ കുടപ്പുഴമന കെ.ബി. ശ്രീധരന് (29), ചിറക്കടവ് അടിച്ചുമാക്കല്‍ അഭിലാഷ് (29), വള്ളം നിയന്ത്രിച്ചിരുന്ന നാട്ടുകാരനായ എഴുമാന്തുരുത്ത് അനീഷ്ഭവനില്‍ അഭിലാഷ് (40) എന്നിവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയില്‍ വ്യാപക നാശനഷ്ടമാണ് അന്നുണ്ടായത്. വേനല്‍ക്കാലത്തുപോലും വെള്ളക്കെട്ടായ സ്ഥലമാണ് മുണ്ടാര്‍. തീര്‍ത്തും ഒറ്റപ്പെട്ട സ്ഥലമായ മുണ്ടാറിലേക്ക് യാത്രാസൗകര്യങ്ങള്‍ തീരെക്കുറവാണ്.
പ്രദേശവാസികള്‍ അവരവരുടെ വള്ളങ്ങളിലും കാല്‍നടയായും ചിലയിടങ്ങളില്‍മാത്രം വാഹനങ്ങളിലുമാണ് യാത്ര ചെയ്യുന്നത്. മഴക്കാലമായാല്‍ കിലോമീറ്ററുകള്‍ ചുറ്റിവേണം ഇവര്‍ക്ക് പുറംലോകത്തെത്താന്‍. ഇവരുടെ തീരാദുരിതം റിപ്പോര്‍ട്ട് ചെയ്യാനാണ് ചാനല്‍സംഘം മുണ്ടാറിലെത്തിയത്. അവിടത്തെ ജനങ്ങളുടെ ദുരിതം നേരില്കണ്ടറിഞ്ഞതിനുശേഷം ഇവര്‍ തിരികെ എഴുമാന്തുരുത്തിലേക്ക് വരുമ്പോഴായിരുന്നു അപകടം.
കടത്തുരുത്തി പഞ്ചായത്തിലെ കൊല്ലങ്കേരിയും കല്ലറ പഞ്ചായത്തിലെ മുണ്ടാറുമായി ബന്ധപ്പെടുന്നതിന് എഴുമാംകായലിന് കുറുകെ നിര്‍മിക്കുന്ന പാലത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായതും താത്കാലിക നടപ്പാലം നിര്‍മിച്ചതും മാത്രമാണ് രണ്ടുപേരുടെ മരണം നടന്ന് ഏഴുവര്‍ഷം പിന്നിടുമ്പോള്‍ ഇവിടെ വന്നിട്ടുള്ള മാറ്റം. ഈ പാലം നിര്‍മാണവും നാളുകളായി മുടങ്ങിയിരിക്കുകയാണ്.