ബ്രൗണ്‍ ഗോള്‍ഡ് കൊക്കോ പ്രൊഡ്യൂസര്‍ കമ്പനി രൂപീകൃതമായി
1578061
Wednesday, July 23, 2025 12:05 AM IST
കോട്ടയം: കൊക്കോ കൃഷി വ്യാപനം, സംഭരണം, സംസ്കരണം, വിപണനം എന്നിവയോടൊപ്പം ചോക്ലേറ്റ് ഉള്‍പ്പെടെയുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിച്ച് ദേശീയ അന്തര്‍ദേശീയ വിപണികളില്‍ എത്തിക്കുന്നതിനായി മണിമല മൂലേപ്ലാവ് കേന്ദ്രീകരിച്ച് ബ്രൗണ്‍ ഗോള്‍ഡ് കൊക്കോ പ്രൊഡ്യൂസര്‍ കമ്പനി രൂപീകൃതമായി.
കര്‍ഷകരെ ഒരു വ്യവസായമാക്കി മാറ്റി മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുക എന്നതാണു കമ്പനിയുടെ ലക്ഷ്യം. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെയും കൃഷിവകുപ്പിന്റെയും പിന്തുണയോടെയാണ് കമ്പനി രൂപീകൃതമായത്.
കമ്പനിയുടെ ഓതറൈസ്റ്റ് കാപ്പിറ്റലായി മൂന്നു കോടി രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. കേരളമൊട്ടാകെയാണ് പ്രവര്‍ത്തന പരിധി. ഷെയര്‍ ഒന്നിന് 2000 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇതിനു തത്തുല്യമായി കേന്ദ്ര ഗവണ്മെന്റ് ഫ്രീയായി 2000 രൂപയുടെ ഷെയറും നല്‍കും.
ആദ്യഘട്ടമായി 1000 കര്‍ഷകരെയാണ് അംഗങ്ങളാക്കാന്‍ ഉദ്ദേശിക്കുന്നത്. കമ്പനിയുടെ ബെല്‍മൗണ്ട് മാനുഫാക്ചറിംഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ചോക്ലേറ്റും മൂല്യവര്‍ധിത ഉത്പന്നങ്ങളും ഉത്പാദിപ്പിച്ച് ദേശീയ അന്തര്‍ദേശീയ വിപണികളല്വരെ എത്തിക്കുന്നു.
കൂടാതെ ഉന്നത നിലവാരമുള്ള കൊക്കോ തൈകളും കമ്പനിയുടെ ആഭിമുഖ്യത്തില്‍ നല്കുന്നു.
ചെയര്മാന് കെ.ജെ. വര്‍ഗീസ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ലാലിച്ചന്‍ ഫ്രാന്‍സീസ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടോം ജോര്‍ജ്, ഡയറക്ടര്‍ കെ.ടി. ചാക്കോ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. കമ്പനിയുടെ ഷെയര്‍ വാങ്ങുന്നതിന് 9188472368, 9961823538 നന്പറുകളിൽ ബന്ധപ്പെടാം.