കപ്പാട് ഗവൺമെന്റ് ഹൈസ്കൂളിലെ അൺഫിറ്റായ കെട്ടിടം പൊളിച്ചുമാറ്റും
1578018
Tuesday, July 22, 2025 10:41 PM IST
കാഞ്ഞിരപ്പള്ളി: കപ്പാട് ഗവൺമെന്റ് ഹൈസ്കൂളിലെ അൺഫിറ്റായ കെട്ടിടം ഉടൻ പൊളിച്ചുമാറ്റാൻ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർദേശം നൽകി. സ്കൂളിൽ സന്ദർശം നടത്തിയശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മൂർഖൻപാമ്പിനെ കണ്ട കാഞ്ഞിരപ്പള്ളി ബിഎഡ് കോളജും അദ്ദേഹം സന്ദർശിച്ചു.
കപ്പാട് ഗവൺമെന്റ് ഹൈസ്കൂളിലെ അൺഫിറ്റായ കെട്ടിടം പൊളിച്ചുമാറ്റാൻ നടപടിയില്ലെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം. അൺഫിറ്റായ കെട്ടിടം അദ്ദേഹം നേരിൽ കണ്ടു.
കെട്ടിടം പൊളിക്കാനുള്ള എസ്റ്റിമേറ്റ് തയാറാക്കി നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ലാ പഞ്ചായത്തിൽനിന്ന് അനുമതി കിട്ടിയാലുടൻ തന്നെ ടെൻഡർ നൽകും. ഇതിനുശേഷം പുതിയ കെട്ടിടം നിർമിക്കാൻ ഫണ്ട് അനുവദിക്കും. പലയിടത്തായി ചിതറിക്കിടക്കുന്ന ക്ലാസ് മുറികൾ ഇങ്ങോട്ടേക്കു മാറ്റാൻ ലക്ഷ്യമിട്ട് മൂന്നുനില കെട്ടിടമായിരിക്കും നിർമിക്കുകയെന്നും ചീഫ് വിപ്പ് അറിയിച്ചു.
കാഞ്ഞിരപ്പള്ളി ബിഎഡ് കോളജ് പരിസരത്ത് മൂർഖൻപാമ്പിനെ കണ്ട സാഹചര്യത്തിൽ ഇവിടെയും എംഎൽഎ സന്ദർശിച്ചു. കോളജിനോട് ചേർന്നുള്ള കരിങ്കൽക്കെട്ടുകളിലെ വിടവ് അടയ്ക്കാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി സി പാസ് എസ്റ്റിമേറ്റ് തയാറാക്കും. തകർന്നുകിടക്കുന്ന ഇൻഡോർ വോളിബോൾ സ്റ്റേഡിയം നീക്കം ചെയ്യാത്തതാണ് പേട്ട സ്കൂൾ പരിസരം കാടുകയറാൻ കാരണം.
ഇതുമൂലം പേട്ട സ്കൂളിന് പുതിയ കെട്ടിടം നിർമിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇത് പൊളിച്ചുമാറ്റാൻ ജില്ലാ പഞ്ചായത്ത് നടപടി എടുക്കണം. എംപി ഫണ്ട് ഉപയോഗിച്ച് നിർമാണം കഴിപ്പിച്ച പദ്ധതിയാണെന്നിരിക്കേ എംപിയുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ നടപടി വേണമെന്നും ഡോ. എൻ. ജയരാജ് ആവശ്യപ്പെട്ടു.
സന്നദ്ധസംഘടനകളുടെകൂടി സഹായത്തോടെ സ്കൂൾ പരിസരത്തെ കാടുകൾ വെട്ടിത്തെളിക്കാൻ പദ്ധതി തയാറാക്കി വരികയാണ്. പൊൻകുന്നം ഗവൺമെന്റ് ഹൈസ്കൂളിലായിരിക്കും ഇത് ആദ്യം നടപ്പാക്കുക.
26ന് ഇതുമായി ബന്ധപ്പെട്ട യോഗം വിളിച്ചുചേർക്കും. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങളിലെല്ലാം നേരിട്ടെത്തി സുരക്ഷ വിലയിരുത്തുമെന്നും ചീഫ് വിപ്പ് പറഞ്ഞു.