തലപ്പാറ-എറണാകുളം റോഡിൽ വൻകുഴി; വാഹനാപകടം പതിവാകുന്നു
1578278
Wednesday, July 23, 2025 7:23 AM IST
തലയോലപ്പറമ്പ്: തലപ്പാറ-എറണാകുളം റോഡിൽ രൂപപ്പെട്ട വൻകുഴി വാഹനാപകടം പതിവാക്കുന്നു. വടകര അമ്മംകുന്ന് വളവിൽ വടകര ജുമാ മസ്ജിദിന് സമീപം രൂപപ്പെട്ട വൻകുഴിയിൽ ചാടി നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്.
ഇന്നലെ വൈകുന്നേരം കറിപൗഡർ കയറ്റിവന്ന ട്രാവലർ കുഴിയിൽ ചാടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട് മറിഞ്ഞിരുന്നു. അപകടത്തിൽ വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.കഴിഞ്ഞ ദിവസം വെട്ടിക്കാട്ടുമുക്ക് സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്ക് കുഴിയിൽ ചാടി നിയന്ത്രണംവിട്ട് മറിഞ്ഞിരുന്നു.
അമിത വേഗത്തിൽ തുടർച്ചയായി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ ആ സമയം മുന്നിലും പിന്നിലും മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതിനാലാണ് താഴെവീണ ദമ്പതികൾ രക്ഷപ്പെട്ടത്. ഒരു വശത്ത് ഇറക്കത്തിലുള്ള റോഡായതിനാൽ ഗർത്തം കാണാൻ കഴിയാതെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണെന്നു നാട്ടുകാർ പറയുന്നു.
അപകടത്തിൽപ്പെടുന്ന പലരും ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെടുന്നത്. വെള്ളം ഒഴുകിപ്പോകാനുള്ള കാന ഇല്ലാത്തതും റോഡിലെ കുഴിയും ഒരുപോലെ അപകടഭീഷണിയാണ്. കുഴിമൂടുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.