20 അടി ഉയരമുള്ള കല്‍ക്കെട്ട് വീടിനു മുകളില്‍ ഇടിഞ്ഞുവീണു; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
1578072
Wednesday, July 23, 2025 12:05 AM IST
കടനാട്: വീടിനു ഭീഷണിയായി നിലനിന്നിരുന്ന കൂറ്റൻ മതില്‍ക്കെട്ട് തകര്‍ന്നുവീണു, വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കടനാട് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വട്ടക്കാനായില് പങ്കജാക്ഷക്കുറുപ്പിന്റെ വീടിനു പിന്നിലെ ഇരുപത് അടിയിലേറെ ഉയരമുള്ള മതില്‍ക്കെട്ടാണ് ഇടിഞ്ഞു വീണത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 1.15ഓടെയായിരുന്നു സംഭവം. ഈ സമയം പങ്കജാക്ഷക്കുറുപ്പും മകന്റെ ഭാര്യയും രണ്ടു കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. വലിയ ശബ്ദത്തോടെ പതിച്ച മതിൽക്കെട്ടിൽനിന്നു മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
വിവരമറിഞ്ഞ് വാര്‍ഡ് മെംബര്‍ ഉഷാ രാജു സ്ഥലത്തെത്തി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വീട് അപകട നിലയിലായതിനാല്‍ കുടുംബാഗങ്ങളെ മറ്റൊരു വീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. മേലുകാവ് പോലീസും സ്ഥലത്തെത്തിയിരുന്നു.
സമീപത്തെ കല്‍ക്കെട്ട് അപകടഭീഷണി ഉയര്‍ത്തുന്നതായി കാണിച്ച് 2016 മുതല്‍ വീട്ടുടമ പങ്കജാക്ഷക്കുറുപ്പ് ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നൽകുന്നതാണ്. അഞ്ചു തവണ അദാലത്തില്‍ പരാതി എടുത്തിരുന്നെങ്കിലും എതിര്‍കക്ഷി ഹാജരാകാത്തതിനാല്‍ നടപടി ഉണ്ടായില്ല.