സിഎസ്ഐ മധ്യകേരള മഹായിടവക ദിനാഘോഷം 25ന് കോട്ടയത്ത്
1578267
Wednesday, July 23, 2025 7:17 AM IST
കോട്ടയം: സിഎസ്ഐ മധ്യകേരള മഹായിടവക ദിനാഘോഷം 25ന് കോട്ടയത്ത് മഹായിടവക ആസ്ഥാനത്ത് നടക്കും. രാവിലെ എട്ടിന് മഹായിടവക ആസ്ഥാനത്ത് ബിഷപ് ഡോ: മലയില്‍ സാബു കോശി ചെറിയാന് പതാക ഉയര്‍ത്തും.
10 മുതല്‍ കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററില്‍ നടക്കുന്ന ചരിത്ര സെമിനാര്‍ പദ്മശ്രീ ഡോ.സി.ഐ. ഐസക് ഉദ്ഘാടനം ചെയ്യും. കേരള സമൂഹ നിര്‍മിതിയും സഭയുടെ സാക്ഷ്യവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ബിഷപ് മാണി തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ റവ.ഡോ. വിജി വര്‍ഗീസ് ഈപ്പന് മോഡറേറ്ററായിരിക്കും.
മൂന്നിനു മഹായിടവകദിന പൊതുസമ്മേളനം ഡോ. ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന് അധ്യക്ഷത വഹിക്കും. മന്ത്രി വി.എന്‍. വാസവന് മുഖ്യപ്രഭാഷണം നടത്തും. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ അനുഗ്രഹപ്രഭാഷണം നടത്തും. ബിഷപ് തോമസ് സാമുവല്‍, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, മഹായിടവക അല്മായ സെക്രട്ടറി അഡ്വ. സ്റ്റീഫന്‍ ജെ. ഡാനിയേല്‍, വൈദിക സെക്രട്ടറി റവ. അനിയന് കെ. പോള്‍, ട്രഷറര്‍ റവ. ജിജി ജോണ്‍ ജേക്കബ്, രജിസ്ട്രാര്‍ ഷീബ തരകന്, ഡോ: ജെസി സാറ കോശി എന്നിവര്‍ പ്രസംഗിക്കും.
1879ല്‍ തിരുവിതാംകൂര്‍-കൊച്ചി ആംഗ്ലിക്കൻ മഹായിടവകയായിട്ടായിരുന്നു രൂപീകരണം. 1947ല്‍ സിഎസ്ഐ സഭയുടെ രൂപീകരണത്തോടെ മധ്യകേരള മഹായിടവകയായി പുനര്‍നാമകരണം ചെയ്യപ്പെട്ടു.
1879 ജൂലൈ 25ന് തിരുവിതാംകൂര്‍-കൊച്ചി ആംഗ്ലിക്കന്‍ മഹായിടവകയുടെ പ്രഥമ ബിഷപ്പായി ജോണ്‍ മാര്ട്ടിന്ഡ്രല് സ്പീച്ചിലി ലണ്ടനിലെ സെന്റ് പോള്‍സ് കത്തീഡ്രലില്‍ സ്ഥാനാരോഹണം ചെയ്യപ്പെട്ട ദിനമാണ് മഹായിടവക ദിനമായി ആചരിക്കുന്നത്.