ചിറക്കടവ് മാതൃകാ ആർപിഎസിൽ വൻ തീപിടിത്തം
1578064
Wednesday, July 23, 2025 12:05 AM IST
കാഞ്ഞിരപ്പള്ളി: ചിറക്കടവ് മാതൃകാ റബർ ഉത്പാദക സംഘത്തിൽ വൻ തീപിടിത്തം. റബർ ഷീറ്റ്, ഒട്ടുപാൽ, പശ, പ്ലാസ്റ്റിക് തുടങ്ങിയവ കത്തിനശിച്ചു. പ്രാഥമിക കണക്കെടുപ്പിൽ 25 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
രാവിലെ 5.30ഓടെയാണ് തീപിടിത്തമുണ്ടായത്. തുടർന്ന് കാഞ്ഞിരപ്പള്ളിയിൽനിന്നും ഈരാറ്റുപേട്ടയിൽനിന്നും അഗ്നിശമനസേന എത്തി 7.30ഓടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ആർപിഎസ് കെട്ടിടത്തിനും നാശനഷ്ടമുണ്ടെന്ന് പ്രസിഡന്റ് മൈക്കിൾ ജോസഫ്, സെക്രട്ടറി ഷാജിമോൻ ജോസ് എന്നിവർ പറഞ്ഞു.
തീപിടിത്തത്തിനു കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇന്നലെ പുകപ്പുരയിൽനിന്നു പുറത്തെടുക്കാനിരുന്ന റബറിനാണ് തീപിടിച്ചത്. തീപിടിത്തത്തിൽ സമീപത്തുനിന്ന മരങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.