കൂട്ടിക്കൽ പഞ്ചായത്തിൽ എംസിഎഫിന്റെ നിർമാണം പുരോഗമിക്കുന്നു
1578067
Wednesday, July 23, 2025 12:05 AM IST
കൂട്ടിക്കൽ: കൂട്ടിക്കൽ പഞ്ചായത്തിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയുടെ (എംസിഎഫ്) നിർമാണം പുരോഗമിക്കുന്നു. അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിലൂടെ പരിസരം മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എംസിഎഫിന്റെ നിർമാണം.
പത്താം വാർഡിലെ മാത്തൂമലയിൽ സ്ഥിതി ചെയ്യുന്ന എംസിഎഫ് 1200 ചതുരശ്ര അടിയിൽ രണ്ട് നിലകളിലായാണ് നിർമിച്ചിരിക്കുന്നത്.
പഞ്ചായത്തും ശുചിത്വമിഷനും സംയുക്തമായി 34.57 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം നടത്തുന്നത്. മാലിന്യ സംസ്കരണശേഷി വർധിപ്പിക്കുന്ന ബെയിലിംഗ് യന്ത്രം, വെയിംഗ് യന്ത്രം, മാലിന്യം തരംതിരിക്കുന്നതിനുള്ള സോർട്ടിംഗ് ടേബിൾ മുതലായവ വാങ്ങിയിട്ടുണ്ട്. ചുറ്റുമതിൽ നിർമാണവും വയറിംഗും പൂർത്തിയാകുന്നതോടെ എംസിഎഫ് പ്രവർത്തന സജ്ജമാകും.
നിലവിൽ പ്ലാസ്റ്റിക് ശേഖരണത്തിനുള്ള സംവിധാനം പഞ്ചായത്തിൽ ഇല്ലെന്നും വാർഡ് തലത്തിലുള്ള പ്ലാസ്റ്റിക് ശേഖരണം അഞ്ചാം വാർഡിൽ പ്രവർത്തിക്കുന്ന കെ.ആർ. നാരായണൻ സാംസ്കാരിക നിലയത്തിലാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് പറഞ്ഞു. സാംസ്കാരിക നിലയത്തിന്റെ പ്രവർത്തനത്തെ ഇത് ബാധിക്കുന്നുണ്ടെന്നും എംസിഎഫ് വരുന്നതോടുകൂടി കാര്യക്ഷമമായി അജൈവമാലിന്യങ്ങൾ കൈകാര്യം ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.