മെഡി. കോളജില്‍ കാന്‍സര്‍ മരുന്നുകൾക്കു ക്ഷാമം
1578058
Wednesday, July 23, 2025 12:05 AM IST
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രി കാന്‍സര്‍ വിഭാഗത്തിലെ രോഗികള്‍ക്ക് മരുന്നുകള്‍ ലഭിക്കുന്നില്ല. കീമോ കഴിഞ്ഞ രോഗികള്‍ക്ക് നല്കുന്ന ടി ഗോയ്സ് 20 എന്ന ഗുളികയ്ക്കാണ് കൂടുതലായും ക്ഷാമം നേരിടുന്നത്. ആശുപത്രിയിലെ ഫാര്‍മസിയിലോ ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ, നീതി, ന്യായവില മെഡിക്കല്‍ ഷോപ്പുകളിലോ ഈ മരുന്ന് ലഭ്യമല്ല.
എല്ലാ സ്വകാര്യ മെഡിക്കല്‍ ഷോപ്പിലും ഈ മരുന്ന് ലഭ്യമല്ല. ഏഴ് ഗുളികകളുള്ള ഒരു സ്ടിപ്പിന് നീതി മെഡിക്കല്‍ ഷോപ്പില്‍ 2877 രൂപയാണ് വില. സ്വകാര്യ മെഡിക്കല്‍ ഷോപ്പില്‍ വില ഇതിലും കൂടും. ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡുള്ളവര്‍ക്ക് കാര്‍ഡ് ഉപയോഗിച്ച് ലഭിക്കുന്ന മരുന്നാണിത്.
എന്നാല്‍ ആശുപത്രിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ, നീതി, ന്യായവില മെഡിക്കല്‍ ഷോപ്പുകളില്‍ മരുന്നില്ലാത്തതു രോഗികളെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. ഇന്‍ഷ്വറന്‍സ് കാര്‍ഡുണ്ടെങ്കിലും മരുന്നില്ലാത്ത സാഹചര്യമാണ്. കീമോ കഴിഞ്ഞ ഒട്ടുമിക്ക രോഗികള്‍ക്കും കഴിക്കാന്‍ ടി ഗോയ്സ് 20 എന്ന ഗുളികയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.
മരുന്ന് ലഭ്യമല്ലാത്തതിനാല്‍ ദിവസങ്ങളായി മരുന്ന് കഴിക്കാത്ത സ്ഥിതിയാണെന്ന് രോഗികള്‍ പറയുന്നു. വില കൂടിയ മരുന്നായതുകൊണ്ടു സാധാരണക്കാരായ രോഗികള്‍ക്ക് സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളെ ആശ്രയിക്കാനും കഴിയുന്നില്ല. ദിവസങ്ങളായി മരുന്ന് കഴിക്കാതിരിക്കുന്നത് കാന്‍സര്‍ രോഗികളുടെ ആരോഗ്യനില വഷളാകുന്നതിനും ഇടയാക്കിയിരിക്കുകയാണ്.
വിവിധ ജില്ലകളില്‍നിന്നായി നൂറുകണക്കിന് കാന്‍സര്‍ രോഗികളാണു മെഡിക്കല്‍ കോളജ് കാന്‍സര്‍ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. എന്നാല്‍ ഇവര്‍ക്ക് ആവശ്യമായ മരുന്ന് ലഭ്യമല്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.