തോമസ് എസ്. മുക്കാടൻ ഓർമയായി
1578065
Wednesday, July 23, 2025 12:05 AM IST
കാഞ്ഞിരപ്പള്ളി: കേരള കോൺഗ്രസിന്റെ സ്ഥാപക അംഗമായിരുന്ന തോമസ് എസ്. മുക്കാടൻ ഓർമയായി. 1965ൽ ചങ്ങനാശേരി നിയോജകമണ്ഡലം സെക്രട്ടറിയായി പ്രവർത്തനമാരംഭിച്ച ഇദ്ദേഹം പൂഞ്ഞാർ ആസ്ഥാനമായുള്ള മീനച്ചിൽ ഈസ്റ്റ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ബോർഡ് ഡയറക്ടറായി 16 വർഷം സേവനമനുഷ്ഠിച്ചു. ഈ കാലയളവിൽ ബാങ്കിന്റെ ചെയർമാനായും വൈസ് ചെയർമാനായും ചുമതലകൾ വഹിച്ചു.
മുണ്ടക്കയം കൺസ്യൂമർ സൊസൈറ്റി പ്രസിഡന്റ്, മുണ്ടക്കയം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, കൂട്ടിക്കൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവയുടെ ബോർഡ് മെംബറായും കൂട്ടിക്കൽ ത്രിവേണി ലൈബ്രറി പ്രസിഡന്റ്, കൂട്ടിക്കൽ പൗരസമിതി പ്രസിഡന്റ്, കേരള കോൺഗ്രസ് കൂട്ടിക്കൽ, മുണ്ടക്കയം മണ്ഡലങ്ങളുടെ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, സ്റ്റേറ്റ് നിർവാഹക സമിതി അംഗം, മുണ്ടക്കയം ഗാർഡൻ മാനർ ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റ്, മുണ്ടക്കയം വൈസ് മെൻസ് ക്ലബ് പ്രസിഡന്റ്, മുണ്ടക്കയം വൈഎംസിഎ ബോർഡ് അംഗം, സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പിടിഎ പ്രസിഡന്റ്, വേലനിലം സെന്റ് മേരീസ് ചർച്ച് ട്രസ്റ്റി, വിൻസെന്റ് ഡി പോൾ സൊസൈറ്റി പ്രസിഡന്റ്, മുണ്ടക്കയം ഫൈൻ ആർട്സ് സൊസൈറ്റി സെക്രട്ടറി തുടങ്ങിയ നിലകളിൽ സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ ദീർഘകാലം പ്രവർത്തിച്ചു. മുക്കാടൻ കുടുംബയോഗത്തിന്റെ ദീർഘകാല പ്രസിഡന്റും നിലവിൽ രക്ഷാധികാരിയുമായിരുന്നു. വിദ്യാർഥിയായിരിക്കേ ഒരണ സമരത്തിലും വിമോചന സമരത്തിലും പങ്കെടുത്ത് അറസ്റ്റ് വരിച്ചു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോംബെ സെൻട്രൽ ഓഫീസിൽ ജോലി ചെയ്തുകൊണ്ടിരുന്ന അദ്ദേഹം കാനഡയിൽ ഭാര്യാസമേതം ജോലി ചെയ്യുകയും പിന്നീട് 1980ൽ കൂട്ടിക്കലിൽ സ്ഥിരതാമസം ആരംഭിക്കുകയും ചെയ്തു. ഭാര്യ പരേതയായ അമ്മിണി വായ്പൂര് ചിറക്കര കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വേലനിലം സെന്റ് മേരീസ് പള്ളിയിൽ നടക്കും.