കൗതുകക്കാഴ്ചയായി പള്ളിമേടയില്‍ അടയ്ക്കാക്കുരുവിയും കുഞ്ഞുങ്ങളും
1578274
Wednesday, July 23, 2025 7:23 AM IST
കടുത്തുരുത്തി: കൗതുകക്കാഴ്ചയായി പള്ളിമേടയില്‍ അടയ്ക്കാപ്പക്ഷിയും കുഞ്ഞുങ്ങളും. വികാരിയുടെ മുറിയുടെ മുന്‍വശത്ത് ടേബിളില്‍ വച്ചിരിക്കുന്ന ചെടിച്ചട്ടിയിലാണ് കൂടുകൂട്ടി മുട്ടിയിട്ട് വിരിഞ്ഞ് കുഞ്ഞുങ്ങളുമായി അടയ്ക്കാത്. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന താഴത്തുപള്ളിയുടെ പള്ളിമേടയില്‍ വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേലിന്റെ മുറിയുടെ മുന്‍വശത്തെ വാതിലിനോടു ചേര്‍ന്നുള്ള മേശയിലെ ചെടിയിലാണ് പക്ഷിക്കൂടും കുഞ്ഞുങ്ങളുമുള്ളത്.
ദിവസങ്ങളോളം പണിപ്പെട്ടാണ് ഈ ചെറിയ ചെടിയില്‍ ഇണപ്പക്ഷികള്‍ കൂടുതീര്ത്തത്. സാധാരണയായി മനുഷ്യരുടെ സമീപത്ത് ഇത്തരം പക്ഷികള്‍ കൂടുകൂട്ടുകയോ, മുട്ടയിടുകയോ ചെയ്യാറില്ല.
ചെടിയില്‍ പക്ഷികള്‍ കൂടുകൂട്ടുന്നത് മുതല്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേലിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പക്ഷികളെ ആരും ശല്യം ചെയ്യാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. മുട്ട വിരിഞ്ഞ് മുന്ന് പക്ഷിക്കുഞ്ഞുങ്ങളുമായിട്ടാണ് തള്ളപ്പക്ഷി കൂട്ടില്‍ കഴിയുന്നത്.
ഇടയ്ക്ക് പുറത്തുപോയി കുഞ്ഞുങ്ങള്‍ക്ക് തീറ്റ കൊണ്ടുവരും. ആണ്‍പക്ഷിയും തീറ്റയുമായി വരാറുണ്ട്. രണ്ടാം നിലയിലാണ് പക്ഷികളുടെ വാസം. പുറത്തേക്കുള്ള ഭിത്തിക്ക് പകരമുള്ള ഗ്രില്ലിലൂടെയാണ് പക്ഷികള്‍ വന്നുപോകുന്നത്. ഏതായാലും പള്ളിമേടയില്‍ വാസമുറപ്പിച്ചിരിക്കുന്ന അടയ്ക്കാപ്പക്ഷിയും കുടുംബവും കാഴ്ചക്കാരിലും കൗതുകമുണര്‍ത്തുകയാണ്.