കാഞ്ഞിരത്താനത്ത് കുട്ടികള്‍ ഒരുക്കുന്ന സ്കൂള്‍ റേഡിയോ
1578275
Wednesday, July 23, 2025 7:23 AM IST
കടുത്തുരുത്തി: റേഡിയോ അവതാരകരാകുന്നതിന്റെ ആവേശത്തിലാണ് കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍. റേഡിയോ എന്നത് പഴയ തലമുറയുടെ വാര്‍ത്താവിനിമയ-വിനോദോപാധി എന്ന സങ്കല്പത്തെ മാറ്റിമറിച്ചു കൊണ്ടാണ് സ്കൂള്‍ റേഡിയോയുമായി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ് കടന്നുവരുന്നത്.
ഇംഗ്ലീഷ് ഭാഷയിലെ നൈപുണ്യ വികസനമാണ് ലക്ഷ്യംവയ്ക്കുന്നതെങ്കിലും വിദ്യാര്‍ഥികളുടെ വിവിധങ്ങളായ കഴിവുകളും ഇതിലൂടെ പരിപോഷിപ്പിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ ദിനത്തിനും ഊര്‍ജമേകി രാവിലെ പ്രഭാത ചിന്തകളോടെയാണ് റോഡിയോയുടെ തുടക്കം. ഉച്ചയ്ക്കത് അന്താരാഷ്ട്ര വാര്‍ത്തകളും കഥകളും സംഭാഷണങ്ങളും ഗാനങ്ങളുമെല്ലാമായിട്ടാവും റേഡിയോ പരിപാടിയിലൂടെ ക്ലാസ് മുറികളിലെത്തുന്നത്.
ദി വൈബ് ലോഞ്ച് എന്നാണ് ഭാവങ്ങളുടെ ഈ തിരയൊഴുക്കിന് കുട്ടിക്കൂട്ടം പേര് നല്‍കിയിരിക്കുന്നത്. റേഡിയോ അവതരണത്തിലൂടെ ലഭിക്കുന്ന ആത്മവിശ്വാസം വലുതാണെന്നാണ് കുട്ടികളുടെ അഭിപ്രായം. സ്കൂള്‍ റേഡിയോ കുട്ടികളുടെ ഭാവിയുടെ വേദിയാണെന്ന് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സ്കൂള്‍ മാനേജര്‍ ഫാ. ജയിംസ് വയലില്‍ പറഞ്ഞു.
വിജയദിനാഘോഷത്തോടും രക്ഷാകര്തൃസംഗമത്തോടും അനുബന്ധിച്ചായിരുന്നു റേഡിയോയുടെ ഉദ്ഘാടനം. പാലാ അഡാര്‍ട്ട് ഡയറക്ടര്‍ ഫാ. ജയിംസ് പൊരുന്നോലില്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം ലിസി പാളിത്തോട്ടം പ്രസംഗിച്ചു. ഹെഡ്മാസ്റ്റര് ബിജു മാത്യു. അധ്യാപകരായ സിസ്റ്റര്‍ ലിനറ്റ് ജോസ്, അക്ഷയ സി. ജോസ്, വിദ്യാര്‍ഥി പ്രതിനിധി സെരൂഗ് എം. ഷിബു എന്നിവര്‍ നേതൃത്വം നല്കി.