വേമ്പനാട്ടുകായലിൽ കക്കലഭ്യത കുറഞ്ഞു : പരമ്പരാഗത കക്കാവാരൽ തൊഴിലാളികൾ പ്രതിസന്ധിയിൽ
1578273
Wednesday, July 23, 2025 7:17 AM IST
വൈക്കം: വേമ്പനാട്ടുകായലിലെ അനധികൃതമായ മല്ലിക്കക്ക ഖനനവും കാലാവസ്ഥാ വ്യതിയാനവുംമൂലം കക്കയുടെ ലഭ്യതയിൽ വൻ കുറവുണ്ടായത് പരമ്പരാഗത കക്കാവാരൽ തൊഴിലാളികളുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാക്കുന്നു. വലിയ കക്കയുടെ നാലിലൊന്നു വലിപ്പംപോലുമാകുന്നതിനു മുമ്പ് സ്വകാര്യവ്യക്തികൾ തൊഴിലാളികളെ ഉപയോഗിച്ചു കക്ക വാരിക്കടത്തുന്നതും കായൽ മലിനീകരണവുമാണ് കക്കയുടെ ലഭ്യത കുറയ്ക്കുന്നതെന്ന് തൊഴിലാളികളും ആരോപിക്കുന്നു.
കക്ക കുറഞ്ഞത് സഹകരണ സംഘങ്ങളെയും അടച്ചുപൂട്ടലിന്റെ വക്കിലെത്തിക്കുകയാണ്. ഫിഷറീസ് അധികൃതർക്ക് കായലിലെ അനധികൃത പ്രവർത്തനങ്ങൾ ചെറുക്കാൻ ബോട്ടുകളടക്കം സർക്കാർ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും പരിശോധന നടക്കുന്നില്ലെന്നും പേരിന് ഏതാനും കുട്ട മല്ലിക്കക്ക വാരി വരുന്നവരെ ഫിഷറീസ് അധികൃതർ പിടികൂടി നടപടിയെടുത്തെന്ന് വരുത്തിത്തീർക്കുകയാണെന്നും തൊഴിലാളികൾ ആരോപിക്കുന്നു.
വൈക്കം, ടിവിപുരം, തലയാഴം, വെച്ചൂർ ഭാഗങ്ങളിൽ കക്ക കുറഞ്ഞതോടെ തൊഴിലാളികൾ ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി, റാണി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പോകുന്നത്. കിലോമീറ്ററുകൾ അകലെ പോകുന്നതിനാൽ യമഹ എഞ്ചിൻ ഘടിപ്പിച്ച വള്ളത്തിൽ ഡീസലിന് പ്രതിദിനം 300 രൂപയോളം മുടക്കേണ്ടി വരുന്നു.
പുലർച്ചെ പോയി മണിക്കൂറുകളോളം അധ്വാനിച്ചാലും ആയിരം രൂപപോലും ലഭിക്കുന്നില്ല. വലിപ്പമനുസരിച്ച് ഒരു കിലോ കക്ക ഇറച്ചിക്ക് 130 രൂപ മുതൽ 200 രൂപ വരെയാണ് വില. കക്ക ലഭിക്കുന്നത് കുറവായതോടെ ഇറച്ചി വിറ്റു ദൈനംദിന ജീവിതച്ചെലവുകൾ നടത്തിയിരുന്ന തൊഴിലാളി കുടുംബങ്ങൾക്ക് ഇപ്പോൾ അതിന് കഴിയുന്നില്ല. അനധികൃത കക്ക ഖനനത്തിലേർപ്പെടുന്നവർക്ക് വലിയ തോതിൽ കൂലി ലഭിക്കുന്നതിനാൽ ഒരുപറ്റം തൊഴിലാളികളും ഈ നിയമ ലംഘനത്തിനു കൂട്ടുനിൽക്കുകയാണെന്ന് തൊഴിലാളികൾ കുറ്റപ്പെടുത്തുന്നു.
മല്ലിക്കക്ക നിക്ഷേപിക്കൽ പുനരാരംഭിക്കണം
വൈക്കം: വൈക്കം കായലിൽ വിവിധ പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ കക്കലഭ്യത വർധിപ്പിക്കാൻ മല്ലിക്കക്ക നിക്ഷേപിച്ചിരുന്നത് പുനരാരംഭിച്ചില്ലെങ്കിൽ കക്ക വാരൽത്തൊഴിലാളികൾ പട്ടിണിയിലാകും. തുടർച്ചയായി പഞ്ചായത്തുകൾ മല്ലിക്കക്ക നിക്ഷേപിച്ചിരുന്നത് ഏതാനും വർഷങ്ങളായി മുടങ്ങിയിരിക്കുകയാണ്.
മല്ലിക്കക്ക നിക്ഷേപിക്കൽ പുനരാരംഭിക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് കക്കവാരൽ തൊഴിലാളികൾ ആവശ്യപ്പെട്ടു.