മാലിന്യസംസ്കരണരീതി പഠിക്കാൻ എരുമേലിയിൽനിന്ന് ഇൻഡോറിലേക്ക്
1578068
Wednesday, July 23, 2025 12:05 AM IST
എരുമേലി: രാജ്യത്ത് ഏറ്റവും വൃത്തിയുള്ള നഗരമായി തുടർച്ചയായി എട്ടാമതും തെരഞ്ഞെടുക്കപ്പെട്ട ഇൻഡോർ സന്ദർശിച്ച് മാലിന്യ സംസ്കരണരീതി പഠിക്കാൻ എരുമേലി പഞ്ചായത്തംഗങ്ങൾ യാത്ര തിരിച്ചു. പ്രസിഡന്റ് ഉൾപ്പെടെ 13 പഞ്ചായത്തംഗങ്ങളും ഉദ്യോഗസ്ഥരുമടക്കം 20 അംഗ സംഘമാണ് കൊച്ചിയിൽനിന്നു വിമാനമാർഗം ഇൻഡോറിലേക്ക് യാത്ര തിരിച്ചത്.
ഒരാഴ്ച നീളുന്ന സന്ദർശനത്തിൽ പ്രധാനമായും മാലിന്യസംസ്കരണ പ്രക്രിയകളും സംവിധാനങ്ങളും കണ്ടു പഠിക്കുകയെന്ന ലക്ഷ്യമാണെന്ന് ഭരണസമിതി അംഗങ്ങൾ പറയുന്നു. പ്രസിഡന്റ് സുബി സണ്ണി, ഭരണപക്ഷത്തെ സിപിഎം അംഗങ്ങളായ തങ്കമ്മ ജോർജുകുട്ടി, ടി.വി. ഹർഷകുമാർ, ജെസ്ന നജീബ്, പി.കെ. തുളസി, സനില രാജൻ, സിപിഐ അംഗം അനിശ്രീ സാബു, പ്രതിപക്ഷത്തെ കോൺഗ്രസ് അംഗങ്ങളായ ജിജിമോൾ സജി, പ്രകാശ് പള്ളിക്കൂടം, ലിസി സജി, മറിയാമ്മ മാത്തുക്കുട്ടി, അനിത സന്തോഷ്, സ്വതന്ത്ര അംഗം ബിനോയ് ഇലവുങ്കൽ എന്നിവരാണ് പഠനസംഘത്തിലുള്ള പഞ്ചായത്തംഗങ്ങൾ.
ഇതേ ഭരണസമിതിയുടെ തുടക്കത്തിൽ മാലിന്യസംസ്കരണം പഠിക്കാൻ ബംഗളൂരുവിലേക്ക് പഠനയാത്ര നടത്തിയിരുന്നു. ഇതിന് മുമ്പ് 2017 ഓഗസ്റ്റിൽ മുൻ ഭരണസമിതി കുമളി, ചക്കുപള്ളം പഞ്ചായത്തുകളുടെ മാലിന്യസംസ്കരണ സംവിധാനങ്ങൾ സന്ദർശിച്ച് പഠനം നടത്തിയിരുന്നു.
ജനങ്ങളും അധികൃതരും ഒരുമിച്ചു മനസുവച്ചാൽ നാട് സുന്ദരമാകുമെന്ന കൃത്യമായ സന്ദേശമാണു മധ്യപ്രദേശിലെ ഇൻഡോർ നഗരം പറയുന്നത്. കേന്ദ്രസർക്കാരിന്റെ ശുചിത്വ സർവേയിൽ കഴിഞ്ഞ എട്ടു വർഷമായി ഇൻഡോർ ഒന്നാം സ്ഥാനത്തു തുടരുന്നു. കേന്ദ്രസർക്കാരിന്റെ വാർഷിക ശുചിത്വ സർവേ ഫലം സ്വച്ഛ് സർവേക്ഷൻ 2024 കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. സൂറത്തും നവീ മുംബൈയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. വിജയവാഡയാണ് നാലാം സ്ഥാനത്ത്.