കെയർ ഫോർ കെയർഗീവേഴ്സ് പദ്ധതിയുമായി സ്വരുമ പാലിയേറ്റീവ് കെയർ
1578019
Tuesday, July 22, 2025 10:41 PM IST
കാഞ്ഞിരപ്പള്ളി: പാലിയേറ്റീവ് രോഗികൾക്കും ഇവരെ പരിചരിക്കുന്ന കുടുംബാംഗങ്ങൾക്കും കരുതൽ നൽകുന്ന കെയർ ഫോർ കെയർഗീവേഴ്സ് എന്ന പദ്ധതിക്ക് സ്വരുമ പാലിയേറ്റീവ് കെയറിൽ തുടക്കമായി. പദ്ധതി ഉദ്ഘാടനം സ്വരുമയുടെ 11-ാം വാർഷികദിനത്തിൽ രോഗികളെ പരിചരിക്കുന്ന 11 വ്യക്തികളെ ആദരിച്ച് തുടക്കംകുറിച്ചു. സ്വരുമയുടെ വനിതാ വിഭാഗമാണ് ഇതിനു നേതൃത്വം നൽകുന്നത്.
ഒരു പതിറ്റാണ്ടിലേറെയായി കിടപ്പിലായ രോഗികളെ പരിചരിക്കുന്ന അടുത്ത ബന്ധുക്കളെയാണ് ഇതിനായി പരിഗണിക്കുന്നത്. അപകടംമൂലം തലയ്ക്കോ നാഡീവ്യൂഹങ്ങൾക്കോ ക്ഷതംപറ്റി കിടപ്പിലായവർ, സെറിബ്രൽ പൾസി, മെന്റൽ റിട്ടാർഡേഷൻ, ഓട്ടിസം ബാധിച്ചവർ എന്നിവരെ പരിചരിക്കുന്നവരുടെ സംരക്ഷണം ഇതിൽ ഉൾപ്പെടും. ഈ വിഭാഗം ആളുകൾക്ക് ജീവിതശൈലീ രോഗങ്ങൾ പിടിപെടുന്നതായും ഒരുപക്ഷേ, രോഗികളെക്കാളേറെ മാനസിക പിരിമുറുക്കം ഇവര് അനുഭവിക്കുന്നതായും കഴിഞ്ഞ കാലങ്ങളില് സ്വരുമയുടെ പ്രവർത്തനത്തിൽനിന്ന് മനസിലാക്കാൻ കഴിഞ്ഞു.
മാനസിക സമ്മർദം കുറയ്ക്കാനുള്ള കൗൺസലിംഗ്, ഏകദിന വിനോദസഞ്ചാരം, തീർഥാടന കേന്ദ്ര സന്ദർശനം, പരിശീലന ക്ലാസുകൾ തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. കാഞ്ഞിരപ്പള്ളി, ചിറക്കടവ്, പാറത്തോട്, എലിക്കുളം എന്നീ പഞ്ചായത്തുകളാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുന്നത്.
ഈ ഗണത്തിലുള്ള രോഗികൾക്കു താത്കാലിക പരിചരണം നൽകുന്നതിനായുള്ള കുടുംബാംഗങ്ങളോ അല്ലാത്തവരുമായോ ഉള്ള വ്യക്തികളെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ജിജി നിക്ലാവോസ് കുന്നത്ത്, മെഹർ ഫിറോസ് കണ്ണമ്പ്ര, സജിത ഷാജി ചെറാടിൽ, ഡാനി ജോസ് കുന്നത്ത് എന്നിവർ പ്രോജക്ട് കോ-ഓർഡിനേറ്റേഴ്സായി പ്രവർത്തിക്കുന്നു. ഫോൺ: 8111928361.