ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയെ അടക്കം ചെയ്തിട്ട് നാളെ 90 വര്‍ഷം
1578519
Thursday, July 24, 2025 7:18 AM IST
ബെന്നി ചിറയില്‍
ചങ്ങനാശേരി: ചങ്ങനാശേരി രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനും ആരാധനസന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ ഭൗതികശരീരം റോമില്‍നിന്നു നാട്ടിലെത്തിച്ച് ചങ്ങനാശേരി മെത്രാപ്പൊലിത്തന്‍ പള്ളിയുടെ മദ്ബഹായില്‍ അടക്കം ചെയ്തിട്ടു നാളെ 90 വര്‍ഷം. 1925 ജൂണ്‍ രണ്ടിന് റോമില്‍വച്ച് ദിവംഗതനായ അദ്ദേഹത്തിന്റെ ഭൗതികദേഹം ആദ്യം അവിടെ കബറടക്കം ചെയ്യുകയായിരുന്നു.
പത്തുവര്‍ഷത്തിനുശേഷം ചങ്ങനാശേരി ബിഷപ് മാര്‍ ജയിംസ് കാളാശേരിയും സെക്രട്ടറിയായിരുന്ന ഫാ. മാത്യു പുരയ്ക്കലും ഒരുമിച്ച് റോമിലെത്തി പതിനൊന്നാം പീയൂസ് പാപ്പയെ സന്ദര്‍ശിച്ച് മാർ കുര്യാളശേരിയുടെ ഭൗതികാവശിഷ്ടങ്ങള്‍ മാതൃരൂപതയായ ചങ്ങനാശേരിയിലേക്കു കൊണ്ടുപോകുന്നതിന് അനുവാദം അപേക്ഷിച്ചു.
ഇക്കാര്യത്തിന് ഇറ്റാലിയന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമായിരുന്നു.1935 ജൂണ്‍ 21ന് മോണ്‍. പിസാനി, ഫാ. എല്‍.ജെ. ചിറ്റൂര്‍, സി.ടി. കൊട്ടാരം, തോമസ് മുത്തേടന്‍, തോമസ് നങ്ങച്ചിവീട്ടില്‍ തുടങ്ങിയ പ്രൊപ്പഗാന്താ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ കല്ലറ തുറന്ന് പേടകമെടുത്ത് പ്രത്യേകം അലങ്കരിച്ച വണ്ടിയില്‍ പട്ടണ പ്രദക്ഷിണം നടത്തി ഇരുമ്പുപെട്ടിയിലാക്കി സ്പെഷല്‍ ട്രെയിനില്‍ നേപ്പില്സില് എത്തിച്ചു. തുടര്‍ന്ന് കപ്പല്‍മാര്‍ഗം ഗോവവഴി കൊച്ചിയിലും തുടര്‍ന്ന് ചമ്പക്കുളം കല്ലൂര്‍ക്കാട് പള്ളിയിലും പൂജ്യാവശിഷ്ടം എത്തിച്ചു.
1935 ജൂലൈ 25ന് രാവിലെ ചങ്ങനാശേരിയിലെത്തിച്ച് മാർ കുര്യാളശേരി ഭൗതികശരീരം വലിയ ജനാവലിയുടെ ആദരവോടെയാണ് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍പള്ളിയിലെ മദ്ബഹയില്‍ സംസ്കരിച്ചത്. 1985 ജനുവരി 25ന് മാര്‍ തോമസ് കുര്യാളശേരിയെ ദൈവദാസനായും 2011 ഏപ്രില്‍ രണ്ടിന് ധന്യപദവിയിലേക്കും ഉയര്‍ത്തി.
മര്‍ത്ത്മറിയം കബറിടപള്ളി നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ 2015 മാര്‍ച്ച് 25ന് മാര്‍ തോമസ് കുര്യാളശേരിയുടെ കബറിടം ഈ പള്ളിയിലേക്കു മാറ്റി സ്ഥാപിച്ചു. മാർ കുര്യാളശേരിയുടെ ചരമശതാബ്ദി ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിന് വിപുലമായി ആഘോഷിച്ചിരുന്നു.
വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുനാള്‍ ദിനമായ അന്ന് വൈകുന്നേരം അഞ്ചിന് കബറിടപ്പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ഥനയും ഉണ്ടായിരിക്കുമെന്ന് നാമകരണ നടപടികളുടെ വൈസ്പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ അനറ്റ് ചാലങ്ങാടി എസ്എബിഎസ് അറിയിച്ചു.