മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്തയുടെ നവതി ആഘോഷം നാളെ
1578537
Thursday, July 24, 2025 10:01 PM IST
വെച്ചൂച്ചിറ: മലങ്കര ഓർത്തഡോക്സ് സഭ വലിയ മെത്രാപ്പോലീത്തയും സഭ പരിസ്ഥിതി കമ്മീഷൻ മുൻ അധ്യക്ഷനുമായ വെച്ചൂച്ചിറ മാർ ബസേലിയോസ് ഗ്രിഗോറിയോസ് മേഴ്സി ഹോം ഉൾപ്പെടെ ഒട്ടേറെ ജീവകാരുണ്യ, പരിസ്ഥിതി സംരക്ഷണ സ്ഥാപനങ്ങളുടെ സ്ഥാപകനുമായ കുര്യാക്കോസ് മാർ ക്ലീമിസിന്റെ 90ാം ജന്മദിനം നാളെ വെച്ചൂച്ചിറ പെരുന്തേനരുവി മാർ ബസേലിയോസ് ഗ്രിഗോറിയോസ് മേഴ്സി ഹോം അങ്കണത്തിൽ നടക്കും.
രാവിലെ 11ന് മേഴ്സി ഹോം ട്രസ്റ്റ് പൊതുയോഗം, 12.30ന് ജന്മദിന കേക്ക് മുറിക്കലും അന്തേവാസികൾക്കൊപ്പം ഉച്ചഭക്ഷണവും, 2.30ന് വിദ്യാർഥികളുമായി സംവദിക്കലും നവതിവൃക്ഷത്തൈ നടീലും. മൂന്നിന് പൊതുസമ്മേളനം റിട്ട. ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും.
ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. സഭാ സെക്രട്ടറി ബിജു ഉമ്മൻ മുഖ്യപ്രഭാഷണം നടത്തും. മംഗള പത്ര സമർപ്പണം, ആദരിക്കൽ എന്നിവയുണ്ടായിരുക്കും. സ്വാഗത സംഘം ചെയർമാൻ ടി.കെ. ജയിംസ്, മേഴ്സി ഹോം ഡയറക്ടർ സിസ്റ്റർ തബീഥ, സെക്രട്ടറി ഏബ്രഹാം മാരേട്ട് എന്നിവർ നേതൃത്വം നൽകും.
ഓർത്തഡോക്സ് സഭ സുൽത്താൻ ബത്തേരി, തുന്പമൺ ഭദ്രാസനങ്ങളുടെ അധ്യക്ഷനായി പ്രവർത്തിച്ചിട്ടുള്ള കുര്യാക്കോസ് മാർ ക്ലീമിസ് നിലവിൽ മാരാമൺ സമഷ്ടിയിൽ വിശ്രമജീവിതം നയിക്കുകയാണ്. നിരവധി സാമൂഹിക പ്രസ്ഥാനങ്ങൾക്കും സ്ഥാപനങ്ങൾക്കും തുടക്കമിട്ട മെത്രാപ്പോലീത്ത പ്രകൃതി സ്നേഹി കൂടിയാണ്.