നാടാകെ തകർത്ത് കാറ്റ്
1578996
Saturday, July 26, 2025 7:18 AM IST
ഗാന്ധിനഗർ: ഇന്നലെ വൈകുന്നേരത്തോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കൈപ്പുഴയിൽ വിവിധ ഭാഗങ്ങളിൽ മരം വീണ് വലിയ നാശനഷ്ടം.
കൈപ്പുഴ കാളച്ചന്തയ്ക്ക് സമീപം കൂറ്റൻമരം വൈദ്യൂതി ലൈനിലേക്ക് വീണു. കൈപ്പുഴ പള്ളിത്താഴെ നിന്ന് ആശുപത്രി ഭാഗത്തേക്കുള്ള റോഡിനു കുറുകെയാണ് മരം വീണത്. സംഭവത്തെതുടർന്ന് ഈ റോഡിലൂടെയുള്ള ഗതാഗതം നിലച്ചു. തുടർന്നു കൂറ്റൻ മരം വെട്ടിമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കൈപ്പുഴ അജയ ഭവനിൽ ജാനകിയുടെ വീടിന്റെ മുകളിൽ സമീപത്തുനിന്ന കൂറ്റൻ തേക്കുമരം വീണ് വീടിന്റെ മേൽക്കുര തകർന്ന നിലയിലാണ്. മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിന് സമീപം ധന്വന്തരിക്ക് മുൻവശത്തും മരക്കൊമ്പ് അടർന്നു വീണ് വൈദ്യൂതി മുടങ്ങി.
ശക്തമായ കാറ്റിലും മഴയിലും മെഡിക്കൽ കോളജ് ബസ്സ്റ്റാൻഡിനു സമീപം പാർക്ക് ചെയ്തിരുന്ന മൂന്നു കാറുകളുടെ മുകളിലേക്ക് മരക്കൊമ്പ് ഒഴിഞ്ഞു വീണു. സമീപത്തുണ്ടായിരുന്ന ഡ്രൈവർമാർക്കോ, കാറുകൾക്കോ അപകടമുണ്ടായില്ല.
മരക്കൊന്പ് ഒടിഞ്ഞുവീണതിനെത്തു ടർന്ന് വൈദ്യുതിവിതരണം തടസപ്പെട്ടു. ഗാന്ധിനഗർ കെഎസ്ഇബി ജീവനക്കാരെത്തെി കൊമ്പുകൾ മുറിച്ചുമാറ്റിയാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്.
കുമരകം: ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഇന്നലെ ഉച്ചകഴിഞ്ഞു പെയ്തിറങ്ങിയ ശക്തമായ മഴയിലും കാറ്റിലും ഉണ്ടായത് വൻ നാശനഷ്ടങ്ങൾ. കൂടുതൽ നാശം നേരിടേണ്ടി വന്നത് കുമരകത്താണ്. കുമരകം പുത്തൻ റോഡിന് സമീപവും നസ്രേത്ത് ഭാഗത്തും അപ്സര സമീപവും കവണാറ്റിൽകര ഭാഗത്തും ഉണ്ടായത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടങ്ങളാണ്. മരം റോഡിനു കുറുകെയും വീടുകളുടെ മേൽക്കൂരകളിലും വൈദ്യുതി ലൈനുകളിലും വീണുമാണ് നാശനഷ്ടങ്ങൾ ഉണ്ടായത്.
കുമരകം-ചേർത്തല റോഡിൽ കുമരകം പുത്തൻ റോഡിന് സമീപം കൂറ്റൻ തണൽമരം റോഡിന് കുറുകെ വീണ് നാലു മണിക്കൂർ ഗതാഗതം പൂർണമായി സ്തംഭിച്ചു. കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബുവിന്റെ നേതൃത്വത്തിൽ നാട്ടുകാരും കോട്ടയത്തുനിന്നെത്തിയ ഫയർഫോഴ്സും കുമരകം പോലീസും നാട്ടുകാരും ചേർന്നാണ് മരംമുറിച്ചു നീക്കിയത്. ഇതേസമയം, തന്നെ നാലുപങ്ക് റോഡിലും മരങ്ങൾ കൂട്ടത്തോടെ മറിഞ്ഞു കൊഞ്ചുമട റൂട്ടിലും ഗതാഗതം പൂർണമായി സ്തംഭിച്ചു.
തിരുവാർപ്പിലും വലിയ നാശങ്ങളാണ് ഉണ്ടായിരിക്കുന്നത്. നിരവധി വീടുകൾ തകർന്നിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും കമ്പികൾ പൊട്ടിവീഴുകയും ചെയ്തിട്ടുണ്ട്. ഇന്നലെ സംഹാരതാണ്ഡവമാടിയ കാറ്റും മഴയും വൈദ്യുതി വകുപ്പിനു ലക്ഷങ്ങളുടെ നഷ്ടമാണ് വരുത്തിയത്. കുമരകത്ത് 11 കോൺക്രീറ്റ് പോസ്റ്റുകൾ ഒടിഞ്ഞു.
14 സ്ഥലങ്ങളിൽ വൈദ്യുതി കമ്പികൾ പൊട്ടി വീണു. ഒട്ടനവധി പോസ്റ്റുകൾ ചെരിഞ്ഞു പോയി. തിരുവാർപ്പിൽ അഞ്ച് പോസ്റ്റുകളും അനുബന്ധലൈനുകളുമാണ് തകർന്നത്. പ്രാഥമിക കണക്കെടുപ്പിൽ കുറഞ്ഞത് അഞ്ചു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കുമരകം എഇ അറിയിച്ചു.
ഏറ്റുമാനൂർ: ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ കാറ്റിൽ തേക്കുമരം വൈദ്യുതി ലൈനിലേക്ക് വീണു മൂന്ന് വൈദ്യുതി പോസ്റ്റുകൾ തകർന്നു. പോലീസ് സ്റ്റേഷൻ റോഡിലെ വൈദ്യുതി ലൈനിലേക്ക് സർക്കാർ വക സ്ഥലത്തെ മരമാണ് വീണത്.
ശക്തമായ കാറ്റിൽ കൂറ്റൻ പുളിമരം റോഡിനു കുറുകെ വീണ് ഏറ്റുമാനൂർ - എറണാകുളം റോഡിൽ രണ്ടര മണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചു. കാണക്കാരി ആശുപത്രിപ്പടിക്കും പള്ളിപ്പടിക്കുമിടയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.15 നാണ് റോഡിനു കുറുകെ മരം വീണത്.
സ്വകാര്യ ബസ് കടന്നു പോയതിനു തൊട്ടുപിന്നാലെയാണ് റോഡ് പുറമ്പോക്കിൽ നിന്നിരുന്ന മരം നിലംപൊത്തിയത്. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. മരം വീണതിനെത്തുടർന്ന് ഗതാഗതം പൂർണമായി തടസപ്പെട്ടു. കാണക്കാരി - വെമ്പള്ളി റോഡുവഴിയും കാണക്കാരി വിക്ടർ ജോർജ് റോഡ് വഴിയും കാണക്കാരി അമ്പലപ്പടി - ആനമല - അതിരമ്പുഴ വഴിയും എംസി റോഡിലേക്ക് വാഹനങ്ങൾ വഴിതിരിച്ചു വിട്ടാണ് ഗതാഗതം ക്രമീകരിച്ചത്.
കടുത്തുരുത്തിയിൽനിന്ന് എത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് രണ്ടരമണിക്കൂറിലേറെ നടത്തിയ പ്രയത്നത്തിലാണ് മരം മുറിച്ചുനീക്കാൻ സാധിച്ചത്.
അതിരമ്പുഴ: ഇന്നലെ ഉച്ചകഴിഞ്ഞ് ഉണ്ടായ ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ പറന്നുപോയി. അതിരമ്പുഴ പഞ്ചായത്ത് അഞ്ചാം വാർഡ് കാട്ടാത്തി പനച്ചിക്കുന്നേൽ വലിയപറമ്പിൽ വി.ജെ. മാത്യുവിന്റെ വീടിന്റെ മേൽക്കൂരയ്ക്കാണ് നാശമുണ്ടായത്. വാർഡ് മെംബർ ബിജു വലിയമലയുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് ടിൻ ഷീറ്റുകൾ നിരത്തി താത്കാലികമായി വീട് വാസയോഗ്യമാക്കി.
ചിങ്ങവനം: കനത്ത മഴയോടൊപ്പം വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റില്‍ പനച്ചിക്കാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വൻ നാശം. പനച്ചിക്കാട് സഹരണ ബാങ്കിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ പാനലുകള്‍ പറന്ന് തൊട്ടടുത്ത് പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കൃഷി ഭവന്റെ മേൽക്കൂരയില്‍ പതിച്ചു. ഓടു മേഞ്ഞ മേല്‍ക്കൂര തകര്‍ന്ന് മഴവെള്ളം അകത്ത് വീണതോടെ കൃഷിഭവന്റെ പ്രവര്‍ത്തനം താറുമാറായി.
പരുത്തുംപാറ -പന്നിമറ്റം റോഡില്‍ സായ്പുകവലയ്ക്ക് സമീപം റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇതുവഴിയുള്ള വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടതോടെ സായ്പു കവലയില്‍ രൂക്ഷമായ ഗതാഗതക്കുരുക്കായി. കോട്ടയത്തുനിന്നെത്തിയ ഫയര്‍ഫോഴ്സും കെഎസ്ഇബി ജീവനക്കാരും ചേർന്ന് മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
പാമ്പൂരാംപാറയില്‍ ചുഴലിക്കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ഇന്നലെ ഉച്ചയ്ക്ക് 2.30ന് വീശിയടിച്ച ശക്തമായ കാറ്റിലാണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നത്. പാത്താമുട്ടം പാമ്പൂരാംപാറ പാറയില്‍ പി.ഐ. ബിജുവിന്റെ വീടാണ് തകര്‍ന്നത്. മേല്‍ക്കൂരയിൽ ആസ്ബറ്റോസ് ഷീറ്റാണു മേഞ്ഞിരുന്നത്. സംഭവസമയം ബിജുവിന്റെ മകള്‍ ബിയാമോള്‍ വീടിനുള്ളില്‍ ഉണ്ടായിരുന്നു. പുറത്തേക്ക് ഓടിയതിനാൽ അപകടം ഒഴിവായി.
ളാക്കാട്ടൂർ: ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ന് വീശിയ കാറ്റിൽ മരങ്ങൾ, ഇലക്ട്രിക് പോസ്റ്റ്, ലൈനുകൾ എന്നിവ റോഡിലേക്കു വീണു. ളാക്കാട്ടൂർ കണ്ടൻകാവ് അപ്പച്ചിപ്പടിഭാഗത്ത് തേക്കു മരം വീണ് പോസ്റ്റ് ഒടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. സ്വകാര്യ ബസുകളടക്കം എല്ലാ വാഹനങ്ങളും തോട്ടപ്പള്ളി വഴിയാണ് പോയത്.
അരീപ്പറമ്പ്, ളാക്കാട്ടൂർ, തോട്ടപ്പള്ളി,പങ്ങട, ചോകോമ്പറമ്പ്, കണ്ടൻകാവ് എന്നിവിടങ്ങളിൽ കാറ്റിൽ തേക്ക്, വാഴ, റബർ, പുളിമ രം എന്നിവ കടപുഴകി വീണിട്ടുണ്ട്. നിരവധി പോസ്റ്റുകൾ തകർന്നു. അയർക്കുന്നം കൊങ്ങാണ്ടൂർ പുല്ലുവേലി കാലിത്തീറ്റ ഗോഡൗണിനു സമീപം വൈദ്യുതപോസ്റ്റിൽ തേക്കുമരം വീണു. പ്രദേശത്ത് വൈദ്യുതിബന്ധം മുടങ്ങി. ഗതാഗതവും തടസപ്പെട്ടു.
മറ്റക്കര: ഇന്നലെ ഉച്ചകഴിഞ്ഞ് ഉണ്ടായ മഴയിലും ശക്തമായ മഴയിലും കാറ്റിലും മറ്റക്കരയിൽ കനത്ത നാശം. ശക്തമായ കാറ്റിൽ മരം വീട് മണ്ണൂർപ്പള്ളിക്കടുത്ത് വട്ടക്കൊട്ടയിൽ വീട്ടിൽ ജിജോ ജോസഫിന്റെ വീട് പൂർണമായും തകർന്നു. ഈ സമയത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കല്ലിടിക്കൽ വീട്ടിൽ അനുജോമോൻ, മക്കളായ കാസലിൻ, ക്രിസ്റ്റി എന്നിവർ വീടിനുള്ളിലുണ്ടായിരുന്നു. ഓട് വീണ് ക്രിസ്റ്റിയുടെ തലയ്ക്ക് പരിക്കേറ്റു. ഭാഗ്യത്തിനാണ് വീട്ടിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടത്.
ചുവന്ന പ്ലാവിന് അടുത്ത് കുഴിമറ്റം കവലയിൽ വൻ വൃക്ഷം റോഡിലേക്കു വീണ് വൈദ്യുതിലൈൻ ഉൾപ്പെടെ തകർന്നു. ഏറെ നേരം ഗതാഗതം തടസപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ, സെക്രട്ടറി, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രദേശം സന്ദർശിച്ചു.
പാമ്പാടി: കൂരോപ്പട അമ്പലപ്പടിക്കൽ മരം വീണ് ഗതാഗതം സ്തംഭിച്ചു. മരം വീണു നിരവധി പോസ്റ്റുകൾ ഒടിഞ്ഞു. കൂരോപ്പട, പാമ്പാടി പ്രദേശത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനാണ് ശക്തമായ കാറ്റ് വീശിയടിച്ചത്. അമ്പലപ്പടിക്കൽ നിന്നിരുന്ന തേക്ക് മരം മാടപ്പാട് റോഡിനു കുറുകെ വീണതിനെത്തുടർന്ന് പാമ്പാടി-കൂരോപ്പട റോഡിലെയും മാടപ്പാട് റോഡിലെയും നിരവധി വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. കെഎസ്ഇബി അധികൃതർ മരം വെട്ടിമാറ്റി. സംഭവത്തിൽ രണ്ട് റോഡിലെയും ഗതാഗതം പൂർണമായും സ്തംഭിച്ചിരുന്നു. പ്രദേശത്തെ വൈദ്യുതി ബന്ധവും താറുമാറായി.
കാറ്റിൽ സൗത്ത് പാമ്പാടി പ്രദേശത്ത് വൈദ്യുതി ലൈനുകൾ പൊട്ടിവീഴുകയും വ്യാപകമായ കൃഷിനാശം സംഭവിക്കുകയും ചെയ്തു. കുറ്റിക്കൽ സെന്റ് തോമസ് ഹൈസ്കൂളിന് കിഴക്കുവശം പ്ലാവ് വൈദ്യുതലൈനിലേക്ക് ഒടിഞ്ഞുവീണ് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണു. ഇഞ്ചപ്പാറയിലും ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണു. ചാത്തൻപുരയിടത്ത് തോമസ് കുര്യാക്കോസ്, ആളോത്ത് സണ്ണി എന്നിവരുടെ വാഴ കൃഷി നശിച്ചു.