ദയാബായിക്ക് വാഴൂരിൽ സ്വീകരണം
1578818
Friday, July 25, 2025 11:40 PM IST
വാഴൂർ: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി തേർഡ് ഏജ് പ്രോഗ്രാമിനും ബട്ടർഫ്ളൈ ഫൗണ്ടേഷനും ജർമനിയിലെ ബെർലിൻ ആസ്ഥാനമായ റൂത് കോൺ ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരം ലഭിച്ചതായി ബട്ടർഫ്ലൈ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പുളിക്കൽ കവലയിലെ സി.എസ്. സെന്ററിൽ നാളെ ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന പരിപാടി എംജി യൂണിവേഴ്സിറ്റി തേർഡ് ഏജ് ഡയറക്ടർ ഡോ. ടോണി കെ. തോമസ് ഉദ്ഘാടനം ചെയ്യും. സാമൂഹ്യ പ്രവർത്തക ദയാബായി മുഖ്യാതിഥി ആയിരിക്കും. ഏയ്ഞ്ചൽ വില്ലേജ് ഡയറക്ടർ ഫാ. റോയി മാത്യു വടക്കേൽ മുഖ്യപ്രഭാഷണം നടത്തും. എംജി യൂണിവേഴ്സിറ്റി തേർഡ് ഏജ് മെന്റർ ഡോ. സി. തോമസ് ഏബ്രഹാം പങ്കെടുക്കും.
ജനങ്ങളിലേക്കിറങ്ങി പ്രവർത്തിച്ച് കേരളത്തിൽ ഒരു നിശബ്ദ സാമൂഹ്യ പരിവർത്തനം കാഴ്ചവച്ചതിനാണ് ജർമനിയിൽനിന്നു ബട്ടർഫ്ലൈക്കും എം ജി യൂണിവേഴ്സിറ്റി തേർഡ് ഏജിനും ഈ അംഗീകാരം. നാളെ നടക്കുന്ന ചടങ്ങിൽ അന്താരാഷ്ട്ര സർട്ടിഫിക്കറ്റ് നൽകുന്ന ടിസിഐ പഠനത്തിനു വേണ്ടി സി.എസ്. സെന്ററിനെ ടിസിഐ ഏഷ്യ സെന്റർ എന്ന് നാമകരണം ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.
എംജി യൂണിവേഴ്സിറ്റിയിലും വാഴൂരിലെ ടിസിഐ ഏഷ്യ സെന്ററിലും ഇന്റർ നാഷണൽ ടിസിഐകോഴ്സുകൾ നടത്തുന്നതായിരിക്കും. എംജി യൂണിവേഴ്സിറ്റി തേർഡ് ഏജ് സന്ദേശവും ശലഭ സന്ദേശവും ഗാനരചനയിലൂടെയും ആലാപനത്തിലൂടെയും ജനഹൃദയങ്ങളിൽ എത്തിച്ച ജോയ് തങ്കിയേയും ലേഖ ടീച്ചറേയും ചടങ്ങിൽ ആദരിക്കും.
പത്രസമ്മേളനത്തിൽ ബട്ടർഫ്ലൈ ഫൗണ്ടേഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ ഗീതാ സരസ് , ജനറൽ കൺവീനർ സധീരാ ഉദയകുമാർ, ട്രയിനിംഗ് കോച്ച് അക്കമ്മ മാത്യു എന്നിവർ പങ്കെടുത്തു.