കാറ്റിലും മഴയിലും കാഞ്ഞിരപ്പള്ളിയിൽ വ്യാപക നാശം
1578816
Friday, July 25, 2025 11:40 PM IST
കനകപ്പലത്ത് വീടുകളിലും റോഡിലും മരങ്ങൾ വീണു; ഒരാൾക്കു പരിക്ക്
എരുമേലി: ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ കാറ്റ് നീണ്ടുനിന്നത് 18 മിനിറ്റോളം. കനകപ്പലം ജംഗ്ഷനിൽ വനത്തിലെ മരം വീണ് കുടുംബശ്രീയുടെ പെട്ടിക്കട തകർന്നു. ഈ സമയം കടയ്ക്കു സമീപം നിന്ന പുലിക്കുന്ന് സ്വദേശി ബിനുവിന് മരത്തിന്റെ ശിഖരം പതിച്ച് പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കനകപ്പലം ജംഗ്ഷനിൽ റോഡരികിൽ പെട്ടിക്കടയ്ക്കു സമീപം വെച്ചൂച്ചിറ കെഎസ്ഇബിയിലെ ജീവനക്കാരൻ ചെറുകരകുഴി സാബുവിന്റെ നിർത്തിയിട്ടിരുന്ന കാറിനും മരത്തിന്റെ ശിഖരങ്ങൾ വീണ് പൂർണമായും കേടുപാടുകളുണ്ട്. കനകപ്പലം ഓർത്തഡോക്സ് പള്ളിയുടെ സമീപത്തെ മാവ് കടപുഴകി. എരുമേലി- റാന്നി റോഡിൽ കനകപ്പലം മുതൽ മുക്കട വരെ മരങ്ങൾ റോഡിൽ വീണ് വ്യാപകമായി നാശനഷ്ടങ്ങളുണ്ടായി. വൈദ്യുതി പോസ്റ്റുകൾ തകർത്താണ് മരങ്ങൾ വീണത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം രണ്ടു മണിക്കൂറോളം നിർത്തിവയ്ക്കേണ്ടി വന്നു.
വീടുകളിലും മരങ്ങൾ വീണ് നാശനഷ്ടങ്ങൾ നേരിട്ടു. കനകപ്പലം ശ്രീനിപുരം പഴയപള്ളി ഭാഗത്ത് പ്രിയഭവനം ഏലിയാമ്മയുടെ വീട്ടിലെ ശുചിമുറി അയൽവാസിയുടെ പറമ്പിലെ മരം കടപുഴകി വീണ് തകർന്നു. ഏലിയാമ്മ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.
കനകപ്പലം നീറംപ്ലാക്കൽ ബ്ലസന്റെ വീടിനു സമീപമുള്ള കോഴിക്കൂടുകളും ഫാമും മരം വീണ് തകർന്നു. കനകപ്പലത്തും കരിമ്പിൻതോടും തുടർന്നുള്ള മുക്കട വരെയും വനപാത മരങ്ങൾവീണ നിലയിലാണ്. വൈദ്യുതി ലൈനുകൾ തകർന്നു. അഞ്ചു വൈദ്യുതി പോസ്റ്റുകളും തകർന്നിട്ടുണ്ട്. മേഖലയിൽ ഇതോടെ വൈദ്യുതി വിതരണം നിലച്ചു.
സന്ധ്യയോടെ ഭാഗികമായി വൈദ്യുതി ബന്ധം സജ്ജമാക്കിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയിൽനിന്നെത്തിയ ഫയർ ഫോഴ്സ് യൂണിറ്റാണ് റോഡിൽ വീണുകിടന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചുനീക്കിയത്. പഴക്കം ചെന്ന നിരവധി മരങ്ങൾ റോഡിൽ അപകടം ഉയർത്തുകയാണെന്ന് നാളുകളായി വനം വകുപ്പിനെ അറിയിച്ചിട്ടും നടപടികൾ ഉണ്ടായില്ല. തുടർച്ചയായി ഈ പാതയിൽ വനത്തിലെ മരങ്ങൾ വീഴുകയാണ്. പരാതികൾ അറിയിച്ചിട്ടും വനം വകുപ്പ് നടപടി സ്വീകരിക്കാത്തത് മൂലം ഇതുവഴിയുള്ള യാത്ര അപകടഭീതിയിലായിരിക്കുകയാണ്.