പാലാ രൂപത ധന്യതയില്‍; ഇന്ന് പ്ലാറ്റിനം ജൂബിലി സമാപനം
1578811
Friday, July 25, 2025 11:40 PM IST
പാലാ: പാലാ രൂപതയ്ക്ക് ധന്യവേള. ഇന്ന് സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കുന്ന സുകൃതസംഗമത്തോടെ രൂപതയുടെ പ്ലാറ്റിനം ജൂബിലിക്ക് സമാപനമാകും.
പാലാ രൂപത 75 വര്‍ഷം പൂര്‍ത്തിയാക്കുന്ന ചടങ്ങില്‍ സഭാമേലധ്യക്ഷന്മാര്, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍, അല്മായ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കുചേരും. ചങ്ങനാശേരി അതിരൂപത വിഭജിച്ച് പാലാ രൂപത രൂപീകൃതമായപ്പോള്‍ മാര്‍ സെബാസ്റ്റ്യന്‍ വയലിലായിരുന്നു പ്രഥമ ബിഷപ്. നിലവില്‍ എഴുപതിനായിരം കുടുംബങ്ങളിലായി മൂന്നര ലക്ഷം സീറോ മലബാര്‍ കത്തോലിക്കാ വിശ്വാസികളുണ്ട്.
രൂപതയ്ക്ക് ലഭിച്ച ദൈവാനുഗ്രഹത്തിന് അര്‍പ്പിക്കപ്പെടുന്ന കൃതജ്ഞതാ ബലിയിലും സമ്മേളനത്തിലും പങ്കെടുക്കാന്‍ വിവിധ ഇടവകകളില്‍നിന്നെത്തുന്ന വിശ്വാസികളുടെ സൗകര്യാര്‍ഥം കത്തീഡ്രല്‍ പള്ളിയുടെ ഇരുവശവും വിശാലമായ പന്തല്‍ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ പൊതുസമ്മേളനം നടക്കുന്ന ഓഡിറ്റോറിയത്തിന് മുന്‍വശവും പന്തല്‍ ക്രമീകരണമുണ്ട്. പേപ്പല്‍ പതാകകളും മുത്തുക്കുടകളും കൊണ്ട് കത്തീഡ്രല്‍ പള്ളി അങ്കണം അലങ്കരിച്ചിരിക്കുന്നു. 2012ല്‍ സിബിസിഐ സമ്മേളനത്തിനും കഴിഞ്ഞ വര്‍ഷം സീറോ മലബാര്‍ സഭാ എപ്പാര്‍ക്കിയല്‍ അസംബ്ലിക്കും പാലാ രൂപത ആതിഥേയത്വം വഹിച്ചു. പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ കടപ്ലാമറ്റം, കൊഴുവനാല്‍, കൂത്താട്ടുകുളം ഫൊറോനകള്‍ നിലവില്‍ വന്നു.
ചടങ്ങില്‍ പങ്കെടുക്കാന്‍ വിശിഷ്ടാതിഥികളുടെ നിര
പാലാ: പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെന്റ് തോമസ് കത്തീഡ്രലില്‍ രാവിലെ ഒന്‍പതിന് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. സീറോ മലങ്കര കത്തോലിക്കാ സഭാധ്യക്ഷന് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ സന്ദേശം നല്‍കും.
10.45 ന് പൊതുസമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും. യാക്കോബായ സഭാധ്യക്ഷന് ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ മുഖ്യപ്രഭാഷണവും പാലാ ബിഷപ് മാര്‍ ജോസ് കല്ലറങ്ങാട്ട് ആമുഖ പ്രഭാഷണവും നടത്തും.
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്, സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മന്ത്രി റോഷി അഗസ്റ്റിന്, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ ഔഗേന്‍ കുര്യാക്കോസ്, കുര്യാക്കോസ് മാര്‍ സെവേറിയോസ്, എംപിമാരായ ശശി തരൂര്‍, ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി, മലബാര്‍ സ്വതന്ത്ര സുറിയാനി സഭ മെത്രാപ്പോലീത്ത സിറിള്‍ മാര്‍ ബസേലിയോസ്, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, മാണി സി. കാപ്പന് എംഎല്‍എ, ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, ജോഷ്വ മാര്‍ നിക്കാദേമോസ്, ബിഷപ് റവ. വി.എസ്. ഫ്രാന്‍സിസ്, മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, ബിഷപ് ഡോ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേല്‍, പി.സി ജോര്‍ജ്, വികാരി ജനറാള്‍ മോണ്‍. ഡോ. ജോസഫ് തടത്തില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്മാന് ഡോ. കെ.കെ. ജോസ്, സിസ്റ്റര്‍ മരീന ഞാറക്കാട്ടില്‍, ഷീബ ബിനോയി പള്ളിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിക്കും.