മഴ ശക്തമായതോടെ പുനലൂർ-മൂവാറ്റുപുഴ ഹൈവേയിൽ അപകടം പതിവ്
1578567
Thursday, July 24, 2025 11:21 PM IST
പൊൻകുന്നം: മഴ ശക്തമായതോടെ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടം പതിവായി. തേഞ്ഞ ടയറുകളുമായി ഓടുന്ന വാഹനങ്ങൾ മഴയിൽ തെന്നിമറിയുന്നതും രാത്രികാല ഡ്രൈവർമാരുടെ ഉറക്കവുമാണ് കൂടുതൽ അപകടങ്ങൾക്കു കാരണമാകുന്നത്. ഒരുമാസത്തിനുള്ളിൽ ആറ് അപകടങ്ങൾ എലിക്കുളം മുതൽ തെക്കേത്തുകവല വരെയുള്ള ഭാഗത്ത് ഉണ്ടായി.
ഹൈവേയുടെ ഭാഗമായ പാലാ - പൊൻകുന്നം റോഡും പൊൻകുന്നം - മണിമല റോഡും നിരവധി കൊടുംവളവുകൾ ഉള്ളതാണ്. റോഡ് വികസനത്തിന് സ്ഥലമേറ്റെടുത്ത് വീതികൂട്ടിയെങ്കിലും വളവുകൾ ഒഴിവായിട്ടില്ല. വളവുകളിൽ അമിതവേഗത്തിൽ വാഹനമെത്തിയാൽ മഴസമയത്ത് തെന്നുന്നതിനിടയാകുന്നുണ്ട്.
രാത്രി കൂടുതലായി ഓടുന്ന ലോറികളുടെയും മിനിലോറികളുടെയും ഡ്രൈവർമാർ ഉറക്കച്ചടവോടെ ഓടിക്കുന്നതും അടുത്തിടെ നടന്ന പല അപകടങ്ങൾക്കും കാരണമായി.
എലിക്കുളം ബാങ്ക്പടി, പൊൻകുന്നം അട്ടിക്കൽ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വാഹനാപകടമുണ്ടായി. അട്ടിക്കൽ പതിവായി അപകടം നടക്കുന്ന ഭാഗമാണ്. മേള കലാകാരനും സോപാന സംഗീതജ്ഞനുമായ ബേബി എം. മാരാർ മരിച്ചതുൾപ്പെടെ നിരവധി അപകടം നടന്ന ഭാഗമാണിത്.
ഈ വർഷംതന്നെ ഇവിടെ ഒരുവീട്ടിലേക്കു വാഹനമിടിച്ചുകയറി വീട് തകർന്നിരുന്നു. ചിറക്കടവ് എസ്ആർവി കവലയിൽ നടപ്പാതയുടെ കൈവരി തകർത്ത് വാഹനങ്ങൾ പാഞ്ഞുകയറിയ മൂന്ന് അപകടം അടുത്തിടെ നടന്നിരുന്നു. വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.