ഇവിടുത്തെ ലൈബ്രറിയിൽ പുസ്തകങ്ങളല്ല, അനുഭവസാക്ഷ്യങ്ങളാണ് അറിവ്
1578578
Thursday, July 24, 2025 11:21 PM IST
ഉഴവൂർ: കലാലയങ്ങളിൽ അറിവുതേടി വിദ്യാർഥിക്കൂട്ടം ലൈബ്രറിയിൽ തമ്പടിക്കുന്നത് ഇനി പഴയ കാഴ്ച. ഇവിടെ ഇപ്പോൾ വിദ്യാർഥികൾ ജ്ഞാനസമ്പാദനം നടത്തുന്നത് വ്യക്തികളുടെ മുഖത്തുനിന്നാണ്. അനുഭവങ്ങളുടെ തീച്ചൂളയിലും ശീതളിമയിലും ജീവിതം പടുത്തുയർത്തിയവരുടെ അനുഭവങ്ങളിലൂടെ അറിവ് സമ്പാദനത്തിനു വഴിതുറന്നിട്ടുള്ളത് സെന്റ് സ്റ്റീഫൻസ് കോളജിലാണ്.
കോളജിൽ വിജ്ഞാനവിതരണത്തിനായി കണ്ടെത്തിയ പുതിയ ശ്രമമാണ് ഹ്യൂമൻ ലൈബ്രറി പ്രോജക്റ്റിന്റെ ഉദ്ഘാടനം. ആദ്യദിനത്തിൽ പൂർവവിദ്യാർഥിയും ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസിൽനിന്നു വിരമിച്ച ഇന്ത്യൻ സിവിൽ സെർവന്റുമായ പി.എൽ. കുര്യൻ പങ്കെടുത്തു. 1973 ബാച്ചിലെ ബി.എ ഇക്കണോമിക്സ് പൂർവ വിദ്യാർഥിയായിരുന്നു പി.എൽ. കുര്യൻ.
വിദ്യാർഥികൾ, അധ്യാപകർ എന്നിവർക്കൊപ്പം പൊതുജനങ്ങളും പങ്കെടുത്തു. വ്യക്തികൾ അവരുടെ വ്യക്തിഗത കഥകൾ, അനുഭവങ്ങൾ, കാഴ്ചപ്പാടുകൾ എന്നിവ പരമ്പരാഗത ലൈബ്രറിയിലെ പുസ്തകങ്ങൾ പോലെ പങ്കിടുന്ന പദ്ധതിയാണ് ഹ്യൂമൻ ലൈബ്രറി.