സംസ്ഥാനം സ്ഥലം ഏറ്റെടുത്തു നൽകിയാൽ ശബരി റെയില്‍വേ വരും
1578570
Thursday, July 24, 2025 11:21 PM IST
കോട്ടയം: ശബരി റെയില്‍ പദ്ധതി ഒരിഞ്ചു മുന്നോട്ടുനീങ്ങണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തുകൊടുക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ആകെ ചെലവിന്റെ 50 ശതമാനം സംസ്ഥാനം വഹിക്കാമെന്നും ഈ തുകയില്പ്പെടുത്തി സ്ഥലം ഏറ്റെടുത്ത് റെയില്‍വേക്ക് കൈമാറാമെന്നും കേരള സര്‍ക്കാര്‍ സമ്മതിച്ചിരുന്നതാണ്.
അങ്കമാലിയില്‍ നിന്നും എരുമേലി വരെയുള്ള പാതയില്‍ അങ്കമാലി മുതല്‍ കാലടി വരെ ഏഴു കിലോമീറ്റര്‍ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. കാലടി മുതല്‍ പെരുമ്പാവൂര്‍ വരെ 10 കിലോമീറ്റര്‍ പ്രാരംഭ ജോലിയും പൂര്‍ത്തിയായി. ഇവിടെ നിന്നും എരുമേലി വരെ 100 കിലോമീറ്ററില്‍ പാത കടന്നുപോകുന്ന സ്ഥലം ഏറ്റെടുത്തു കൊടുക്കുന്നതില്‍ നയാ പൈസ റെയില്‍വേ മുടക്കില്ല.
1997-98 ബജറ്റില്‍ അനുമതിയായ പദ്ധതിയില്‍ അവ്യക്തത തുടരുകയാണ്. പെരുമ്പാവൂര്‍ മുതല്‍ പിഴക് വരെ സ്ഥലം ഏറ്റെടുക്കാന്‍ കുറ്റിയടിച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതില്‍ പ്രദേശവാസികളുടെ എതിര്‍പ്പും ചിലയിടങ്ങളില്‍ കേസുകളും നിലവിലുണ്ട്. അന്തിമ അലൈന്മെന്റ് ഇപ്പോഴുമായിട്ടില്ല. പദ്ധതി നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണമായ സഹകരണം ലഭിക്കുന്നില്ല.
എംപിമാരായ ബെന്നി ബഹനാന്, ഡീന്‍ കുര്യാക്കോസ്, അടൂര്‍ പ്രകാശ്, ആന്റോ ആന്റണി എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ലോക്സഭയില്‍ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. പദ്ധതിയുടെ നിര്‍മാണത്തുക 3801 കോടിയാകുമെന്നാണ് 2023 ഡിസംബറില്‍ വിലയിരുത്തിയിരിക്കുന്നത്. ഇതില്‍ പകുതി സംസ്ഥാനം വഹിക്കാമെന്ന് ധാരണയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും റെയില്‍വേ സംസ്ഥാനത്തിന്റെ തീരുമാനം ആരാഞ്ഞിരുന്നു. ശബരി റെയില്‍വേ എരുമേലിയില്‍ നിന്നും വിഴിഞ്ഞം തുറമുഖം വരെ നീട്ടാന്‍ ആലോചനയുണ്ടോ എന്നും എംപിമാര്‍ ചോദിച്ചിരുന്നു. ശബരി റെയില്‍ പദ്ധതിക്കു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധമില്ലെന്നും ശബരി പദ്ധതി അതിന്റെ ചെലവില്‍ പെടുത്താനാവില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളെ ബന്ധിക്കുന്ന പദ്ധതിയില്‍ അങ്കമാലി, കാലടി, പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നീ സ്റ്റേഷനുകളാണുള്ളത്.
പുതിയ സ്ഥലമെടുപ്പ് നിയമം അനുസരിച്ചു മതിപ്പുവിലയുടെ മൂന്നിരട്ടി വരെ സ്ഥലം വില ലഭിക്കാന്‍ ഉടമസ്ഥർ അര്‍ഹരാണ്. അങ്കമാലി - എരുമേലി 111 കിലോമീറ്റര്‍ പാതയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി ബന്ധപ്പെട്ട് റെയില്‍വേയുടെ വിദഗ്ധ സംഘം ഈ മാസം കേരളത്തിലെത്തുമെന്നായിരുന്നു മുന്‍ പ്രഖ്യാപനം. എന്നാല്‍ സ്ഥലം ഏറ്റെടുത്തുകൊടുക്കാതെ കേന്ദ്രസംഘം എത്തില്ലെന്ന് വ്യക്തമാണ്.
സംസ്ഥാനത്തിന്റെ മെല്ലെപ്പോക്കും കെടുകാര്യസ്ഥതയുമാണ് പദ്ധതി ഇഴയാന്‍ കാരണമെന്ന് മുന്‍പും റെയില്‍വേ വ്യക്തമാക്കിയിരുന്നു. ഭൂമി അളന്നുതിരിച്ച 2,862 കുടുംബങ്ങള്‍ നഷ്ടപരിഹാരം ലഭിക്കാതെ കാല് നൂറ്റാണ്ടിലേറെയായി പ്രതിസന്ധിയിലാണ്. സര്‍വേക്കല്ല് സ്ഥാപിച്ച ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ കഴിയാത്ത സ്ഥിതിയുണ്ട്.
എറണാകുളം ജില്ലയിലെ അങ്കമാലി മുതല്‍ കോട്ടയം ജില്ലയിലെ രാമപുരം വരെ 70 കിലോമീറ്ററിലാണ് സര്വേക്കല്ലുകളുള്ളത്. 416 ഹെക്ടര്‍ ഭൂമിയാണു സംസ്ഥാന സര്‍ക്കാര്‍ ഇനി ഏറ്റെടുക്കേണ്ടത്.
എയര്‍പോര്‍ട്ട് സര്‍വേ:
കനത്ത മഴ തടസം
കോട്ടയം: മഴ കനത്തതോടെ എരുമേലി ശബരി എയര്‍പോര്‍ട്ട് സ്ഥലം സര്‍വേ ഇഴയുന്നു. മണിമല വില്ലേജില്‍ അതിര്‍ത്തി തര്‍ക്കമുള്ള രണ്ടു പ്ലോട്ടുകള്‍ ഒഴികെയുള്ള സര്‍വേ പൂര്‍ത്തിയായി. എരുമേലി തെക്ക് വില്ലേജിലെ സര്‍വേ തുടങ്ങിവച്ചെങ്കിലും മഴ തടസമായി. സെപ്റ്റംബറിനു മുന്‍പ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. ബിലീവേഴ്സ് ചര്‍ച്ചിനു കീഴിലുള്ള ചെറുവള്ളി എസ്റ്റേറ്റിലെ താമസക്കാര്‍ ഉള്‍പ്പെടെ പ്രദേശത്തെ 352 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
ഇവര്‍ക്ക് തൊഴില്‍, പാര്‍പ്പിടം, സൗജന്യറേഷന് തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കണം. ചെറുവളളി എസ്റ്റേറ്റില്‍ ഇരുന്നൂറിലേറെ ടാപ്പിംഗ് തൊഴിലാളികള്‍ക്ക് വരുമാനം ഇല്ലാതാകും. എയര്‍പോര്‍ട്ട് നിര്‍മാണത്തിന് പ്രതിരോധ, വ്യോമയാന, പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതി ലഭിച്ചിരിക്കെ നടപടികള്‍ വേഗത്തിലാക്കാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. പ്രദേശവാസികള്‍ക്ക് നല്കാവുന്ന നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച് രണ്ടു മാസത്തിനുള്ളില്‍ തീരുമാനമുണ്ടാകും.