മലയോര മേഖലയിൽ വ്യാപകനാശം
1578817
Friday, July 25, 2025 11:40 PM IST
മുണ്ടക്കയം: ഇന്നലെ ഉച്ചകഴിഞ്ഞ് മലയോരമേഖലയിൽ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. മരങ്ങൾ കടപുഴകി വീണ് ദേശീയപാതയിൽ ഭാഗികമായി ഗതാഗതം നിലച്ചു. മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ, പെരുവന്താനം, കോരുത്തോട് പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടമുണ്ടായി. പെരുവന്താനം പഞ്ചായത്തിലെ മതമ്പയിൽ ശക്തമായ കാറ്റിൽ രണ്ടു ലയങ്ങളുടെ മേൽക്കൂര തകർന്നു.
കാറ്റിൽ ലയത്തിന്റെ ഓടിളകിവീണ് കരിപ്പവിളയിൽ സരസ്വതിയുടെ തലയ്ക്കു പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലയങ്ങളിലെ താമസക്കാരുടെ വിട്ടുപകരണങ്ങളും മറ്റും മഴ വെള്ളം വീണ് നശിച്ചു. മതമ്പ ജംഗ്ഷനിലെ മറ്റൊരു ലയത്തോട് അനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന റേഷൻ കടയുടെ മേൽക്കൂര ശക്തമായ കാറ്റിൽ തകർന്നു. കൊക്കയാര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വന്‍ നാശമാണ് ഉണ്ടായത്. കൂട്ടിക്കൽ ചപ്പാത്ത് നാരകമ്പുഴക്ക് സമീപം റോഡിലേക്കു മരം കടപുഴകി വീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
നാരകംപുഴ-മാക്കൊച്ചി റോഡിലും യാത്രാ സൗകര്യം നിലച്ചു. വഴുതനാപ്പളളി ജോളിയുടെ പുരയിടത്തിലെ തേക്ക്, പ്ലാവ് മരങ്ങള്‍ റോഡിലേക്ക് വീണു. വൈദ്യുത ലൈനുകള്‍ പൂര്‍ണമായി തകര്‍ന്നു. നാരകംപുഴ സിഎസ്ഐ പള്ളിവക തോട്ടത്തിലെ റബര്‍മരങ്ങളും കടവുകര പുരയിടത്തിലെ പ്ലാവ് മരവും ഒടിഞ്ഞുവീണു. നാരകംപുഴ നെടുമ്പുറത്ത് അബ്ദുൾ സലാമിന്റെ പുരയിടത്തിലെ കൂറ്റന്‍ മരം കടപുഴകി വീണു. കൊക്കയാര്‍ പഞ്ചായത്തിലെ കനകപുരം-വെളളപ്പട്ട് റോഡില്‍ കൂറ്റന്‍ മരം വീണ് അഞ്ചു വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു.
ഏന്തയാര്‍-വടക്കേമല റോഡില്‍ ഗതാഗതം സ്തംഭിച്ചു .നാട്ടുകാരുടെ നേതൃത്വത്തില്‍ മരങ്ങള്‍ വെട്ടിമാറ്റി. മുളങ്കുന്ന് മേഖലയിലും വ്യാപകമായ നാശമാണ് കാറ്റ് വിതച്ചത്. മുളംകുന്ന് ടോപ്പില്‍ പാറയ്ക്കല്‍ തോമസിന്റെ വീടിനു മുകളില്‍ തേക്കുമരം വീണ് വീട് ഭാഗീകമായി തകര്‍ന്നു.
മുളങ്കുന്ന് കുന്നേല്‍ കെ.യു.സുരേഷിന്റെ വീടിന്റെ മേല്‍ക്കൂര കാറ്റ് പറത്തി.വീട് ഭാഗീകമായി തകര്‍ന്നു.മുളങ്കുന്നു വലിയവിള ശ്യാമളയുടെ വീടിനുമുകളില്‍ തേക്ക്മരം വീണു വീട് ഭാഗീകമായി തകര്‍ന്നു. കുറ്റിപ്ലാങ്ങാട് തടത്തില്‍ ഗോപിയുടെ പുരയിടത്തിലെ ഇലവുമരം കടപുഴകി അയല്‍വാസി ഇ.എസ്. സുരേഷിന്റെ പരയിടത്തില് പതിച്ചു. പത്തോളം റബര്‍മരം ഒടിഞ്ഞു. കുറ്റിപ്ലാങ്ങാട് സ്കൂളിനു സമീപം സ്വകാര്യ തോട്ടത്തിലെ പ്ലാവ് മരം വൈദ്യുത ലൈനില്‍ വീണ് കന്പി പൊട്ടിവീണു. പൈങ്ങന സ്രാമ്പിയിൽ മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു.
ചോറ്റി ശാന്തിനഗറിൽ ശക്തമായ കാറ്റിൽ തെങ്ങ് കടുപുഴകി വീണ് വീട് തകർന്നു. കൊടുമണ്ണിൽ സണ്ണിയുടെ വീടിനു മുകളിലേക്കാണ് തെങ്ങ് കടപുഴകി വീണത്. വീടിന്റെ മേൽക്കൂരയും ആസ്ബറ്റോസ് ഷീറ്റുകളും ഭിത്തിയും പൂർണമായും തകർന്നു. അപകടം നടക്കുമ്പോൾ വീട്ടിനുള്ളിൽ വീട്ടുകാർ ഉണ്ടായിരുന്നെങ്കിലും ഇവർ പരിക്കേൽക്കാതെ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. പല മേഖലകളിലേക്കുള്ള വൈദ്യുത ബന്ധം താറുമാറായിരിക്കുകയാണ്.