കാറ്റ്: പാലായിലും പരിസരത്തും വ്യാപക നാശം
1578780
Friday, July 25, 2025 10:36 PM IST
പാലാ: കനത്ത മഴയോടൊപ്പം ഇന്നലെ വീശിയടിച്ച കാറ്റില്‍ പല സ്ഥലത്തും നാശനഷ്ടം. ഏറ്റുമാനൂര്‍ റോഡില്‍ ചേര്‍പ്പുങ്കലില്‍ മരത്തിന്റെ ശിഖരം റോഡിലേക്ക് ഒടിഞ്ഞുവീണ് കടയ്ക്കുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ മുകളിൽ വീണു കേടുപാടു സംഭവിച്ചു. റോഡിനു കുറുകെ മരം വീണതോടെ ഗതാഗതം തടസപ്പെട്ടു. കാറ്റ് പലയിടങ്ങളില്‍ നാശം വിതച്ചപ്പോള്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് ഓടിയെത്താന്‍ കഴിയാതിരുന്നതുമൂലം റോഡിലെ തടസം നീക്കാനും താമസം നേരിട്ടു.
നാട്ടുകാര്‍ ചേര്‍ന്നാണ് ഗതാഗത തടസം നീക്കിയത്. ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിക്കു സമീപം ആശുപത്രിയിലെക്കു വരികയായിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളിലേക്ക് തേക്കുമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു. ഉപ്പുതറ സ്വദേശിയുടെ ഓട്ടേറിക്ഷ ഭാഗികമായി തകര്‍ന്നു. കൂടല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടത്തിനു മുകളിലേക്ക് തേക്കുമരം ഒടിഞ്ഞുവീണു. കെട്ടിടത്തിന് ചെറിയ തോതില്‍ നാശനഷ്ടം സംഭവിച്ചു. കനത്ത കാറ്റില്‍ പലയിടങ്ങളിലും മരങ്ങള്‍ ഒടിഞ്ഞുവിണ് നാശനഷ്ടമുണ്ടായിട്ടുണ്ട്.
ഈരാറ്റുപേട്ട: കാറ്റിൽ വ്യാപക നാശം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയുണ്ടായ ശക്തമായ കാറ്റിൽ ഈരാറ്റുപേട്ട, പൂഞ്ഞാർ മേഖലകളിൽ വ്യാപകനാശം. വിവിധ ഇടങ്ങളിൽ റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. നിരവധി വാഹനങ്ങൾക്കു തകരാർ സംഭവിച്ചു. വൈദ്യുതലൈനുകൾ വ്യാപകമായി തകർന്നു.
വീടുകൾക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. വെയിൽകാണാംപാറയിൽ താമസിക്കുന്ന ഈരാറ്റുപേട്ട ദീപിക ഏജന്റ് വി.ജെ. ജോർജിന്റെ വീടിനു മുകളിലേക്ക് മൂന്നോളം മരങ്ങൾ ഒടിഞ്ഞു വീണ് വീടിന്റെ മേൽക്കുരയുടെ റൂഫിംഗ് പൂർണമായും തകർന്നു. അടുക്കളയുടെ ചിമ്മിനിയുടെ കോൺക്രീറ്റും തകർന്നു. ലക്ഷങ്ങളുടെ നഷ്ടമുള്ളതായി ജോർജ് ദീപികയോടു പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്തിന് എതിർവശം ആശുപത്രിക്കു സമീപത്ത് മരം ഒടിഞ്ഞുവീണത് വൈദ്യുതലൈനിലേക്കാണ്. പ്ലാശനാലിൽ പേരിശേരിൽ മുരുകന്റെ വീട് മരം വീണു തകർ ന്നു. റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നുവെങ്കിലും വാഹനങ്ങൾക്ക് മുകളിലേക്ക് വീഴാതിരുന്നതു മൂലം അപകടം ഒഴിവായി.