മാർ തോമസ് തറയിലിന്റെ സ്മരണകളിൽ കാരിത്താസ് ആശുപത്രി
1578820
Friday, July 25, 2025 11:55 PM IST
റവ. ഡോ. ബിനു കുന്നത്ത് ഡയറക്ടർ
മാർ തോമസ് തറയിൽ പിതാവിന്റെ ഓർമകൾ വൈദിക നിയോഗത്തിന്റെ ഏറ്റവും പാവനവും പ്രതിജ്ഞാബദ്ധവുമായ ജീവിതമാണ് നമുക്ക് പകർന്നു നൽകുന്നത്. ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾ വിപ്ലവാത്മകമായിരുന്നു. കോട്ടയത്തെ കാരിത്താസ് ആശുപത്രിയും ബിസിഎം കോളജും ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജുംപോലുള്ള സുപ്രധാന സ്ഥാപനങ്ങൾ അദ്ദേഹത്തിന്റെ ദീ ർഘവീക്ഷണത്തിന്റെഫലങ്ങളാണ്.
കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപതയുടെ കാരുണ്യത്തിന്റെ മുഖമാണ് കാരിത്താസ് ആശുപത്രി. മധ്യതിരുവിതാംകൂറിലെ ആദ്യത്തെ മള്ട്ടിസ്പെഷ്യാലിറ്റി ആശുപത്രി. ഇന്ന് മധ്യകേരളത്തിലെ ആതുരസേവനത്തിന്റെ അനുകരണീയ മാതൃകയാണ്. കാരിത്താസ് 64-ാം വാർഷികം ആഘോഷിക്കുകയാണ്. ഇന്ത്യയില് ലഭിക്കാവുന്ന ചികിത്സാ സൗകര്യങ്ങൾ എല്ലാംതന്നെ കാരിത്താസിൽ ലഭ്യമാണ് എന്നതിന്റെ സാക്ഷ്യമാണ് മറുനാടുകളിൽനിന്ന് ഇവിടെയെത്തി സൗഖ്യം പ്രാപിച്ചു തിരിച്ചു പോകുന്ന അസംഖ്യം മനുഷ്യർ.
മാർ തോമസ് തറയിൽ പിതാവിനാൽ 1962 മേയ് 29ന് സ്ഥാപിതമായ കാരിത്താസ് അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിന്റെയും ദൈവസ്നേഹത്തിൽ അധിഷ്ഠിതമായ സേവന വ്യഗ്രതയുടെയും നേർസാക്ഷ്യമായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ ഓർമകളുടെ 50-ാം വാർഷികം ആചരിക്കുന്ന വേളയിൽ കാരിത്താസിന്റെ വളർച്ചയുടെ ഓരോ പടവുകളിലും ആ അനുഗ്രഹാശിസുകൾ നിറഞ്ഞു നിൽകുന്നു. അദ്ദേഹം തുടങ്ങിവച്ച കർമപാത ഏറ്റവും നീതിപുർവമായി മുന്നോട്ടു കൊണ്ടുപോകുകയാണ് പൂർവസ്മരണയിൽ ചെയ്യേണ്ട ഏറ്റവും അനുയോജ്യമായ കാര്യം.
ഇടവക സന്ദർശനത്തിനിടയിൽ പ്രസവത്തിലും പാമ്പുകടിയേറ്റും മരിച്ചുപോയ ബന്ധുക്കളെ കുറിച്ചുള്ള സങ്കടങ്ങൾ ഉറ്റവർ പങ്കുവയ്ക്കുന്നത് ഏറ്റവും വേദനയോടെ കേട്ടിരുന്ന തറയിൽ പിതാവ് അവരെ സാന്ത്വനിപ്പിക്കുന്നതിനൊപ്പം ജീവൻ രക്ഷിക്കേണ്ട സംവിധാനങ്ങൾ ഒരുക്കേണ്ടത് തന്റെ പ്രേഷിത വൃത്തിയുടെ കടമയാണെന്നുകൂടി തിരിച്ചറിയുകയായിരുന്നു. ആ തിരിച്ചറിവിലാണ് കാരിത്താസ് ആശുപത്രി പിറന്നത്.
1955ൽ കാരിത്താസ് ആശുപത്രിയുടെ നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമ്പോൾ ദൈവഭക്തിയും മനുഷ്യ നന്മയിലുള്ള ആചഞ്ചലമായ വിശ്വാസവും മാത്രമായിരുന്നു കൈമുതൽ. നിരവധി ജീവിതങ്ങളെ ആരോഗ്യത്തിലേക്കു കൈപിടിച്ചുയർത്താൻ 1962ൽ ഹോസ്പിറ്റൽ അദ്ദേഹം നാടിന് സമർപ്പിക്കുകയും ചെയ്തു.
കാരിത്താസ് ഹോസ്പിറ്റൽ ഇന്ന് മധ്യകേരളത്തിലെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നാണ്. കോട്ടയം അതിരൂപതയും വൈദികരും സന്യസ്തരും അൽമായ സഹോദരങ്ങളും തുടക്കം മുതൽ നടത്തുന്ന നിസ്വാർഥവും കാര്യക്ഷമവുമായ ഇടപെടലുകളാണ് കാരിത്താസ് ആശുപത്രിയുടെ വികസനത്തിനും കർമനിരതമായ ദിശാബോധത്തിനും കാരണം. കാരിത്താസിന്റെ വളർച്ച എല്ലായ്പ്പോഴും ക്രമേണയും കാലഘട്ടത്തിന്റെ ആവശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമായിരുന്നു. രോഗികൾക്ക് എപ്പോഴും പ്രാപ്യമായ ഒരന്തരീക്ഷം കാരിത്താസിൽ ഉണ്ടാകണം എന്നതിൽ കാരിത്താസിനെ നയിച്ച മുൻഗാമികൾക്കു നിഷ്കർഷ ഉണ്ടായിരുന്നു.
ഇന്ന് രോഗീ പരിചരണത്തിലെ പതിറ്റാണ്ടുകളുടെ തലപ്പൊക്കത്തിൽ നിൽക്കുമ്പോൾ എല്ലാവിധ രോഗങ്ങളെയും ഏറ്റവും വൈദഗ്ധ്യത്തോടെ നേരിടാൻ കാരിത്താസിന്റെ വിവിധ വകുപ്പുകൾ സുസജ്ജമാണ് ആത്മീയ നേതൃത്വം എന്നത് പരോപകാര സ്നേഹത്തിന്റെ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സംസ്കാരത്തിന്റെ മുന്നേറ്റമാണ്.
ദൈവിക കാരുണ്യത്തിന്റെ പ്രതിപുരുഷനായി, ആത്മീയ ക്ഷേമത്തിന്റെ പ്രതീകമായി തറയിൽ പിതാവ് നിലകൊള്ളുന്നു. സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള ആളുകൾക്ക് ചികിത്സാ സഹായങ്ങൾ ഒരുപോലെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കാരിത്താസ് ഹോസ്പിറ്റൽ സ്ഥാപിച്ച് കേരളത്തിലെ മുൻനിര ആരോഗ്യസ്ഥാപനമായി അതിനെ ഉയർത്തി. ആയിരങ്ങൾക്ക് ആരോഗ്യ പരിചരണം ഉറപ്പുവരുത്തുക എന്ന ദർശനത്തിലൂന്നി പിതാവ് ആരംഭിച്ച കാരിത്താസ് ആശുപത്രി ആറര പതിറ്റാണ്ടിലേക്കടുക്കുമ്പോൾ സ്ഥാപക പിതാവിന്റെ ഓർമകൾക്ക് തിളക്കമേറുകയാണ്.