കടനാട്ടിൽ കാറ്റ് കനത്ത നാശം വിതച്ചു
1578813
Friday, July 25, 2025 11:40 PM IST
കടനാട്: പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ ഉച്ചയ്ക്ക് വീശിയടിച്ച കാറ്റ് വൻ നാശമാണ് വിതച്ചത്. കൊല്ലപ്പള്ളി -മേലുകാവ് റോഡിൽ കൊടുമ്പിടി റേഷൻ കടക്കു സമീപം കൂറ്റൻ ആഞ്ഞിലിമരം റോഡിനു കുറുകെ കടപുഴകി വീണു.
ഇതോടെ റൂട്ടിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. പാലാ ഫയർഫോഴ്സ് എത്തി നാട്ടുകാരുടെ സഹകരണത്തോടെ മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. ഏറെ ഗതാഗതത്തിരക്കുള്ള ഈ റോഡിൽ മരം മറിഞ്ഞു വീണപ്പോൾ ഇതുവഴി തത്സമയം കടന്നുപോയ ഓട്ടോറിക്ഷ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടു മാത്രം. മരം വീണപ്പോൾ വൈദ്യുതി പോസ്റ്റും ഒടിഞ്ഞു തകർന്നു.
കെഎസ്ഇബി അധികൃതരെത്തി വൈദ്യുതി പോസ്റ്റ് അടിയന്തരമായി മാറ്റിസ്ഥാപിച്ചു. കൊടുമ്പിടി വടക്കേ ഓലാനിക്കൽ ബിജുവിന്റെ വീടിനു മുകളിലേക്ക് തേക്കുമരം ഒടിഞ്ഞുവീണു. കുറുമണ്ണിൽ ചുങ്കം പറമ്പിൽ മറിയക്കുട്ടിയുടെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നുപോയി. ഒന്നര മാസം മുമ്പുണ്ടായ കാറ്റിൽ പറന്നുപോയ മേൽക്കൂരയാണ് വീണ്ടും കാറ്റ് കശക്കിയെറിഞ്ഞത്.
കടനാട് വല്യാത്ത് ഒട്ടുവഴിക്കൽ ഗംഗാധരന്റെ വീടിനു മുകളിലേക്ക് പുളിമരവും പ്ലാവും ഒരുമിച്ച് കടപുഴകി വീണു. വീട്ടിലുണ്ടായിരുന്ന ഗംഗാധരന്റെ ഭാര്യ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് .
കടനാട് തുമ്പമറ്റത്തിൽ ജോസിന്റെ വീടിന്റെ റൂഫ് വർക്ക് പൂർണമായും കാറ്റ് നശിപ്പിച്ചു.
കടനാട് വില്ലേജ് ഓഫീസർ ആൻസൻ മാത്യു, പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, വൈസ് പ്രസിഡന്റ് വി.ജി. സോമൻ, മെബർമാരായ ജോസ് പ്ലാശനാൽ, ജയ്സി സണ്ണി, കെഡിപി മണ്ഡലം പ്രസിഡന്റ് സിബി അഴകൻപറമ്പിൽ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. ഇന്ന് മാണി സി. കാപ്പൻ എംഎൽഎ സ്ഥലം സന്ദർശിക്കും.
കാറ്റിൽ തിടനാട്ടിൽ വ്യാപക നാശം
ചെമ്മലമറ്റം:തിടനാട് പഞ്ചായത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് ഉണ്ടായ കാറ്റിലും മഴയിലും വ്യാപകമായി മരങ്ങൾ കടപുഴകിവീണ് വീടുകൾക്കു നാശനഷ്ടം ഉണ്ടായി. കൂടുതലും തേക്കുമരങ്ങളും റബർ മരങ്ങളുമാണ് കടപുഴകിയത്. പഞ്ചായത്തിൽ നെടുംചേരി ഭാഗത്ത് മെംമ്പർ സുരേഷ്കുമാർ കാലായിൽ, തോമസ് കാരമുള്ളിൽ, ബെന്നി വടക്കേക്കര (കരിമ്പനോലി) എന്നിവരുടെ വീടിനു മുകളിൽ തേക്കുമരം വീണ് നാശമുണ്ടായി. ആർക്കും പരിക്കില്ല. കുര്യാക്കോസ് തയ്യിൽ, ഷൈൻ അങ്ങാടിക്കൽ, നൈജിൽ കിണറ്റുകര, ജോസുകുട്ടി തയ്യിൽ, തോമസ് കണിപ്പറമ്പിൽ എന്നിവരുടെ പുരയിടങ്ങളിൽ നിരവധി മരങ്ങളും കടപുഴയും ഒടിഞ്ഞും വലിയ നഷ്ടം ഉണ്ടായി.