മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇഎൻടിയിലെ ശുചിമുറി തകർച്ചയിൽ
1578756
Friday, July 25, 2025 7:13 AM IST
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇഎൻടി ശസ്ത്രകിയാ വിഭാഗത്തിനു സമീപത്തെ ശുചിമുറി ശോച്യാവസ്ഥയിൽ. ഒപി വിഭാഗത്തിനു മുകളിൽ രണ്ടാം നിലയിലാണ് ഇഎൻടി തിയറ്ററും വാർഡും പ്രവർത്തിക്കുന്നത്. തിയറ്ററിനു സമീപത്തെ ശുചിമുറിയുടെ പുറത്തെ ഭിത്തി പൊട്ടി വീണ്ടുകീറിയ നിലയിലാണ്. ഇത് അപകടകരമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. ശുചിമുറി ഉപയോഗിക്കുന്നത് തടഞ്ഞിട്ടുണ്ട്.
മൂന്നാം നിലയുടെ മുകളിൽ വാട്ടർ ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ ബലക്ഷയം കണക്കിലെടുത്ത് ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യരുതെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇഎൻടി വിഭാഗത്തിനു താഴെയാണ് ഗ്യാസ്ട്രോളജി, റുമറ്റോളജി, ജനറൽ സർജറി, അസ്ഥിരോഗ വിഭാഗം തുടങ്ങിയവയുടെ ഒപികൾ പ്രവർത്തിക്കുന്നത്, അസ്ഥിരോഗ വിഭാഗത്തിന്റെ അനുബന്ധ വിഭാഗമായ പ്ലാസ്റ്റർ ഇടുന്ന മുറിയുടെ മുകൾഭാഗവും ശോച്യാവസ്ഥയിലാണ്. മുറിയു ടെ കതക് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
ഈ മാസം ആദ്യവാരം 14-ാം വാർഡിനു സമീപത്തെ ശുചി മുറി ഇടിഞ്ഞുവീണ് തലയോലപ്പറമ്പ് സ്വദേശിനിയായ വീട്ടമ്മ മരിച്ചതോടെ ആശുപത്രിയിലെ പഴയ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ചികിത്സാ കേന്ദ്രങ്ങളിൽ രോഗികൾ ചികിത്സ തേടുന്നതും ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർ ജോലി ചെയ്യുന്നതും ഭീതിയുടെ നിഴലിലാണ്.