പൂവത്ത് തെരുവുനായ ആക്രമണം; ഒരാൾക്കു പരിക്ക്
1579008
Saturday, July 26, 2025 7:24 AM IST
ചങ്ങനാശേരി: പായിപ്പാട് പഞ്ചായത്തിലെ പൂവത്തും പരിസര പ്രദേശങ്ങളിലും തെരുവുനായ ആക്രമണം. ഒരാൾക്കും ഒട്ടേറെ വളർത്തുനായ്ക്കൾക്കും കടിയേറ്റു. പ്രദേശത്ത് അലഞ്ഞുതിരിയുന്ന നായയാണ് ആക്രമണം നടത്തിയത്. പൂവം ആറ്റുപുറം വാവച്ചനാണ് (65) കടിയേറ്റത്. റോഡിലൂടെ നടന്നുപോകുന്നതിനിടെ നായ കടിക്കുകയായിരുന്നു.
വാവച്ചന് സംസാരശേഷി ഇല്ലാത്തതിനാൽ സമീപത്തുണ്ടായിരുന്നവർ എത്തിയാണ് നായയെ ഓടിച്ചത്. പടിഞ്ഞാറേവീട്ടിൽ എഡ്വേർഡിനെ കടിക്കാൻ ശ്രമിച്ചെങ്കിലും ഇദ്ദേഹം ഓടിമാറിയതിനാൽ രക്ഷപ്പെട്ടു. ആക്രമണകാരിയായ തെരുവുനായയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പൂവത്തെ തെരുവുനായ ശല്യത്തിനെതിരേ പരാതി ശക്തമാണ്.