പച്ചിലത്തോരനും ചേമ്പിലച്ചാറും കൂട്ടി കർക്കടക ഊണ്
1578576
Thursday, July 24, 2025 11:21 PM IST
കുറവിലങ്ങാട്: നാട്ടറിവുകളുടെ പിൻബലത്തിൽ പച്ചിലത്തോരനും ചേമ്പിലച്ചാറും കൂട്ടി ഉച്ചയൂണ്. തൊടിയിലും പുരയിടത്തിലുമുള്ള പച്ചിലകളേറെയും ഔഷധഗുണമുള്ളവയാണെന്ന തിരിച്ചറിവുമായാണ് എല്ലാവരും മടങ്ങിയത്. ദശപുഷ്പങ്ങളും പത്തിലകളുമൊക്കെ അടുത്തുകണ്ടും തൊട്ടറിഞ്ഞും ആരോഗ്യസുരക്ഷ ഉറപ്പാക്കാനുള്ള തീരുമാനവുമെടുത്തു.
ഗാന്ധിജി വിചാരവേദിയുടെ നേതൃത്വത്തിൽ കോട്ടയം ജൈവകർഷക സമിതി, സ്വരുമ പാലിയേറ്റീവ് കെയർ, മാതൃവേദി, പിതൃവേദി, എകെസിസി, ലീജിയൻ ഓഫ് മേരി, എൻഎസ്എസ് വനിതാവേദി, ആൻസിയൻ ക്ലബ്, സിറ്റിസൺസ് ഫോറം, ജെസിഐ എന്നിവയുടെ സഹകരണത്തോടെയായിരുന്നു നാട്ടറിവുകൾ ഇലയറിവുകൾ എന്ന പേരിൽ സെമിനാർ ഒരുക്കിയത്.
സെമിനാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന കേന്ദ്രം ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി ഉദ്ഘാടനം ചെയ്തു. ഗാന്ധിജി വിചാരവേദി പ്രസിഡന്റ് ഡോ. ജോസ് മാത്യു അധ്യക്ഷത വഹിച്ചു.
മോൻസ് ജോസഫ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ജൈവകർഷക സമിതി സംസ്ഥാന നിർവാഹകസമിതിയംഗം എൻ.കെ. രാജു, സ്വരുമ പാലിയേറ്റീവ് കെയർ കോ-ഓർഡിനേറ്റർ ബെന്നി കോച്ചേരി, ഗാന്ധിജി വിചാരവേദി സെക്രട്ടറി ഡോ. എ.ആർ. അശോക്, ട്രഷറർ ജോസ് മാത്യു കുന്നേൽ, ജോജോ നിധീരി എന്നിവർ പ്രസംഗിച്ചു.
വേദരത്നം ഡോ. ശിവകരൻ നമ്പൂതിരി, നട്ടാശോരി ഗാന്ധി സേവാകേന്ദ്രം പ്രസിഡന്റ് എം. കുര്യൻ, ജോബി കെ. മാത്യു എന്നിവർ ക്ലാസിന് നേതൃത്വം നൽകി.