ബസില്‍നിന്നു വീണ് വിദ്യാര്‍ഥിനിക്കു പരിക്കേറ്റ സംഭവം; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
1578290
Wednesday, July 23, 2025 11:20 PM IST
കാഞ്ഞിരപ്പള്ളി: ബസില്‍നിന്നു വീണ് വിദ്യാര്‍ഥിനിക്കു പരിക്കേറ്റ സംഭവത്തില്‍ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ഡ്രൈവര്‍ അര്ജുന് പി. ചന്ദ്രന്, കണ്ടക്ടര്‍ റോജി പോള്‍ എന്നിവര്‍ക്കെതിരേയാണ് നടപടി.
യാത്രക്കാരെ ഇറക്കിയശേഷം വാതില്‍ അടയ്ക്കാതെ അശ്രദ്ധമായി ഡ്രൈവര്‍ ബസ് മുന്നോട്ടെടുത്തതാണ് അപകടകാരണമായി കണ്ടെത്തിയിരിക്കുന്നത്. കണ്ടക്ടര്‍ ശ്രദ്ധിക്കാതിരുന്നതിനും അപകടത്തിന് കാരണമായതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ അശ്രദ്ധമായി ബസുകള്‍ ഡ്രൈവിംഗ് നടത്തുന്നതായി പൊതുജനങ്ങളില്‍നിന്നും വിവരം ലഭിച്ചു. ജോയിന്റ് ആര്‍ടിഒ കെ. ശ്രീജിത്തിന്റെ നിര്‍ദേശപ്രകാരം അസിസ്റ്റന്റ് മോട്ടോര്‍ ഇന്‍സ്പെക്ടറാണ് സംഭവത്തെക്കുറിച്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കഴിഞ്ഞ 11ന് കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ ആനിത്തോട്ടത്ത് വച്ചായിരുന്നു അപകടമുണ്ടായത്.
ഡ്രൈവറും കണ്ടക്ടറും ഡ്രൈവര്‍ റിഫ്രഷര്‍ പരിശീലനത്തില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റും ഏതെങ്കിലും ഗവൺമെന്റ് മെഡിക്കല്‍ കോളജില്‍ ഏഴു ദിവസം സാമൂഹ്യസേവനം നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയ ശേഷമാകും ലൈസന്‍സ് തിരികെ നല്‍കുക. ബസുകളുടെ ഡോര്‍ തുറന്നുവച്ചുള്ള അപകടകരമായ യാത്ര പരിശോധിക്കുന്നതിന് പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും ജോയിന്റ് ആര്‍ടിഒ പറഞ്ഞു.